തന്റെ പ്രിയതമനെ വിട്ടുകൊടുക്കാന്‍ റംലത്ത് തയാറായതോടെ ആരാധകര്‍ ഉറ്റുനോക്കുന്ന നയന്‍താര പ്രഭുദേവ വിവാഹ പ്രശ്‌നത്തിന് ക്ലൈമാക്‌സായി. പ്രഭുദേവയെ മരിക്കേണ്ടി വന്നാലും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ റംലത്ത് ഒടുക്കം തോറ്റു പിന്‍മാറി. വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് റംലത്ത്. കൂട്ടുപോയതാകട്ടെ സാക്ഷാല്‍ പ്രഭുദേവയും.

റംലത്ത് വിവാഹമോചനത്തിന് സമ്മതിക്കാന്‍ പ്രഭുദേവ പണം വാരിയെറിഞ്ഞു എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുലഭിക്കുന്ന വിവരം. ഇതിന്റെ പകുതി നയന്‍താര നല്‍കിയെന്നാണ് സൂചന.

പ്രഭുദേവ നയന്‍താരയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇതു തടയണമെന്നാവശ്യപ്പെട്ട് റംലത്ത് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് നയന്‍സ് പ്രഭു വിവാഹം നീണ്ടുപോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ റംലത്ത് നിയമപരമായി തന്റെ ഭാര്യയല്ലെന്നുവരെ പ്രഭുദേവ പറഞ്ഞിരുന്നു.

1995ലാണ് പ്രഭുദേവ അതിസാഹസികമായി റംലത്തിനെ വിവാഹം കഴിച്ചത്. പ്രഭുവിന്റെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു റംലത്ത്. ഇരുവരും തമ്മിലുള്ള പ്രണയത്തെ ബന്ധുക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പുകളെയെല്ലാം തൃണവല്‍ക്കരിച്ച് പ്രഭുദേവ റംലത്തിനെ സ്വന്തമാക്കുകയായിരുന്നു. ആദ്യവിവാഹം കഴിച്ചതിന്റെ അനുഭവ സമ്പത്തുള്ളതുകൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാനായി ഇത്രയധികം സാഹസങ്ങള്‍ക്ക് പ്രഭുദേവ മുതിര്‍ന്നതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

റംലത്ത് മാറിനില്‍ക്കാന്‍ തയ്യാറായതോടെ നയന്‍സ് പ്രഭു വിവാഹം ഉടന്‍ നടക്കുമെന്നാണ് സൂചന. അങ്ങനെ ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കഥ ക്ലൈമാക്‌സിലെത്തി. ഇനി തീയ്യതി കുറിയ്ക്കുകയേ വേണ്ടൂ.