Administrator
Administrator
നയന്‍സ് ലോങ് ലീവിലാണ്
Administrator
Monday 20th December 2010 8:45pm

ജിന്‍സി ബാലകൃഷ്ണന്‍

സിനിമയില്‍ നിന്നും ലോങ് ലീവെടുക്കാനാണ് നയന്‍താരയുടെ തീരുമാനം. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ പറയില്ല. വേണമെങ്കില്‍ ഊഹിക്കാം എന്നാണ് നയന്‍സ് പറയുന്നത്. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണമെന്ന് പറയുമെങ്കിലും പലരും നിര്‍ത്താറില്ല. എന്നാല്‍ ഇതിന് അപവാദമാകാനാണ് നയന്‍സിന്റെ തീരുമാനമെന്നാണ് തോന്നുന്നത്. കാരണം ജാതകപ്രകാരം ഇപ്പോള്‍ നയന്‍സിന് ശുക്രനാണ്. ഇടയ്ക്ക് ശനിയുടെ ഒളിഞ്ഞുനൊട്ടമുണ്ടെങ്കില്‍ പോലും എന്നാണ് കുടുംബ ജോത്സ്യന്‍ പ്രശ്‌നം വച്ചതില്‍ തെളിഞ്ഞത്. പക്ഷേ ആണ്ടിന്റെ അവസാനത്തോടുകൂടി കണ്ടകശനിയിലേക്ക് കടക്കുമെന്ന പ്രവചനമാണ് ലീവെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്.

പ്രവചനം ശരിയാകുമോ എന്നറിയില്ല. പക്ഷേ ആദ്യം പറഞ്ഞത് കറക്ടാ. ശുക്രന്റെ കാര്യം. ഇത്തവണ തെക്കന്‍ സിനിമാസാമ്രാജ്യത്തിന്റെ താരറാണിയായി വിലസിയത് നമ്മുടെ നയന്‍തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. നാല് ഭാഷയില്‍ കിടിലന്‍ ചിത്രങ്ങളുമായി തിളങ്ങുകയല്ലേ താരം. ഇതു പൊരേ ഒരു വര്‍ഷത്തേക്ക്. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ‘ബോസ് എന്‍ഗിറ ഭാസ്‌കരന്‍’. മലയാളത്തിലെ ഹിറ്റ് ‘ബോഡിഗാഡ’്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് അഡുര്‍സ് ആന്റ് സിംഹ, കന്നഡയിലെ ബ്ലോക്ബസ്റ്റര്‍ ‘സൂപ്പര്‍’.

ഇതൊനൊക്കെ പുറമെ നയന്‍സ് തന്റെ പതിനെട്ടടവും പുറത്തെടുത്ത ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’. ഗോവ ചലച്ചിത്രമേളയിലെ താരവും, കേരളാ രാജാന്തര ചലച്ചിത്രമേളയില്‍ കൈരളിയുടെ ചില്ലുതകര്‍ത്തും മുന്നേറുകയാണ്. ശുക്രനാണെന്ന് പറയാന്‍ ഇതൊക്കെ ധാരാളം.

ഇനി അടുത്തത് അവതാരവേഷമാണ്. നമ്മുടെ രാമേട്ടന്റെ ഭാര്യ സീതമ്മയുടെ റോള്‍. തെലുങ്ക് ചിത്രം രാമ രാജ്യത്തിലെ ഈ റോള്‍ അഭിനയിക്കാന്‍ ലോകത്തേറ്റവും അര്‍ഹത നയന്‍സിനു തന്നെ! പിന്നെ വിവരമില്ലാത്ത ചില തെലുങ്കര്‍ അസൂയ കൊണ്ട് പലതും പറയും. അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ അതിനേ നേരമുണ്ടാകൂ. ഇതിലും വലിയ എന്തൊക്കെ നടന്നു. താന്‍ കുലുങ്ങിയോ തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തെപ്പോലും തോല്‍പ്പിക്കുന്ന എന്നാടാണോ കളി എന്നാണ് നയന്‍സ് മനസില്‍ പറഞ്ഞിട്ടുണ്ടാവുക. എന്തായാലും സീതമ്മയെ പുനര്‍ജനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടിയിപ്പോള്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരമൊരു വേഷം ചെയ്യാന്‍ കഴിയൂ എന്നാണ് നയന്‍സിന്റെ ആത്മഗതം. അപ്പറഞ്ഞത് ശരിയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നയന്‍സിന് ഈ വേഷം വലിയ വെല്ലുവിളിയാകുമെന്നാണ് ചില സിനിമാ ബുജികള്‍ അഭിപ്രായപ്പെടുന്നത്. സ്വന്തം സ്വഭാവത്തിന് നേര്‍വിവരീതമായ കഥാപാത്രത്തെ പുനര്‍ജനിപ്പിക്കാന്‍ നയന്‍സിന് കഴിയുമോ എന്ന സംശയമാണവര്‍ക്ക്.

ഇനി നയന്‍സ് ലീവെടുക്കുന്നത് കല്ല്യാണം കഴിക്കാനാണോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. പക്ഷേ റംലത്ത് ദേവേട്ടനെ വിട്ടുതരില്ലെന്ന് വാശിപിടിക്കുന്ന നിലയ്ക്ക് വിവാഹം ഗണപതികല്ല്യാണം പോലെ നീളുമോ എന്ന പേടിയുമുണ്ട് ആരാധകര്‍ക്ക്. പക്ഷേ അതെന്തായാലും ഉണ്ടാവില്ലെന്നാണ് നയന്‍സിനെ നന്നായി മനസിലാക്കിയെന്നവകശാപ്പെടുന്ന ചില ആരാധകര്‍ പറയുന്നു. വിശാല മനസായതുകൊണ്ടുതന്നെ ദേവേട്ടനെ ഉപേക്ഷിച്ച് തന്റെ വിലപ്പെട്ട സ്‌നേഹം നയന്‍സ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം.

എന്നാല്‍ ദേവേട്ടന് ഇഷ്ടമില്ലാത്തതിനാലാണ് നയന്‍സ് അഭിനയത്തില്‍ നിന്നും ലീവെടുക്കുന്നത് എന്ന ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. സീതയായി അഭിനയിച്ചതിന്റെ ഹാങ് ഓവറായിരിക്കാം ഇതിനു ചേട്ടനിഷ്ടില്ലാത്ത ഒന്നും ഞാന്‍ ചെയ്യില്ല എന്ന തീരുമാനത്തിനു പിന്നിലെന്നാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്.

Advertisement