തെലുങ്ക് ചിത്രം രാമരാജ്യത്തോടെ നയന്‍താര സിനിമാ ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വാര്‍ത്ത. രാമരാജ്യവും കഴിഞ്ഞ് പ്രഭുദേവയെയും വിവാഹം കഴിച്ച് നയന്‍സ് അടങ്ങിയൊതുങ്ങിക്കഴിയുമെന്നാണ് മോളിവുഡും ടോളിവുഡും കോളുവുഡും പറഞ്ഞത്. എന്നാല്‍ സിനിമയെ അത്രപെട്ടെന്ന് ഉപേക്ഷിക്കാന്‍ നടിക്ക് കഴിയില്ല.

ഇടവേളയ്ക്കുശേഷമുള്ള നയന്‍സിന്റെ തിരിച്ചുവരവ് ടോളിവുഡിലൂടെയാണ്. ദശരഥ് സംവിധാനം ചെയ്യുന്ന  നാഗാര്‍ജുന ചിത്രത്തിലാണ് നയന്‍സ് വേഷമിടുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

അതിനിടെ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നയന്‍താര സിനിമയിലേക്ക് തിരികെയെത്തിയതെന്ന പ്രചരണം ശക്തമാണ്. ഇരുവരും പിരിഞ്ഞെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് നയന്‍താര നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള നടിയുടെ നീക്കത്തിന് പിന്നില്‍ പ്രണയബന്ധം തകര്‍ന്നതാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അതേസമയം വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനെ രണ്ടുകൈയ്യും നീട്ടിയാണ് ടോളിവുഡ് സ്വീകരിയ്ക്കുന്നത്. രവി തേജയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പിന്നാലെ നടന്റെ അടുത്ത ചിത്രത്തില്‍ നയന്‍സ് നായികയാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തിലും നയന്‍സ് നായികയാവുമെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.