സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളിയിലെത്തിച്ച ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് തെലുങ്ക് റീമേക്കുകളില്‍ നയന്‍താര നായികയായെത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിനുവേണ്ടി വന്‍ പ്രതിഫലമാണ് നയന്‍സ് ആവശ്യപ്പെട്ടതെന്നാണറിയാന്‍ കഴിയുന്നത്.

നയന്‍സിന്റെ ഡിമാന്റുകളെല്ലാം നിര്‍മാതാക്കളായ എക്ത കപൂറും അവരുടെ ബാലാജി ഫിലിംസും അംഗീകരിച്ചിട്ടുണ്ട്. രണ്ട് ഭാഷകളിലും ഒരേസമയം ചിത്രം പുറത്തിറക്കാനാണ് പരിപാടി.

ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ വരുന്നുവെന്ന് വാര്‍ത്തകള്‍ ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. സില്‍ക്കായി അനുഷ്‌ക ഷെട്ടി, റിച്ച ഗംഗോപാധ്യായ് തുടങ്ങിയവരുടെ പേരുകള്‍ പാടിതുടങ്ങിയെങ്കിലും ഇവരെയെല്ലാം ഒഴിവാക്കി നയന്‍സിനെ ഉറപ്പിച്ചെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

തെലുങ്കില്‍ ശ്രീരാമരാജ്യം എന്ന ചിത്രത്തിനുശേഷം സിനിമയോട് വിടപറഞ്ഞ നയന്‍താര വീണ്ടും തിരശീലയ്ക്ക് മുന്നില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നശേഷം സിനിമയില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നയന്‍സിന് ഇത് നല്ലൊരവസരമാകുമെന്നാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.