കോഴിക്കോട്: പ്രമുഖ നടി നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയായ സേതുവാണ് നയന്‍താരയുടെ ഡ്രൈവര്‍ എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

2009ലാണ് നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസില്‍ പ്രതിയാവുന്നത്. നടിയുടെ ഡ്രൈവര്‍ ആയിരിക്കെയാണ് ഇയാള്‍ കൊലക്കേസില്‍ പ്രതിയാവുന്നത്. ഇയാള്‍ ഇപ്പോഴും നടിയുടെ ഡ്രൈവറും ബോഡീഗാര്‍ഡുമായി തുടരുകയാണ്.

യുവനടിയ്‌ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ ക്രിമിനലുകളെ വളര്‍ത്തുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവരെല്ലാം തന്നെ ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവര്‍ സുനി പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരമൊരാളെ സിനിമാ മേഖലയില്‍ ഡ്രൈവറായി നിര്‍ത്തിയതിനെ പലരും ചോദ്യം ചെയ്തിരുന്നു.

സുനി നേരത്തെ തന്റെ ഡ്രൈവറായിരുന്നെന്നും ക്രിമിനല്‍ സ്വഭാവമുള്ളത് മനസിലായപ്പോള്‍ ഇയാളെ പറഞ്ഞയച്ചതാണെന്നുമാണ് മുകേഷ് എം.എല്‍.എ കഴിഞ്ഞദിവസം പ്രതികരിച്ചത്.