കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അഭിനയത്തിലൂടെയും വിവാദങ്ങളിലൂടെയും മേനിപ്രദര്‍ശനത്തിലൂടെയും പ്രക്ഷകശ്രദ്ധ നേടിയ നയന്‍താര സിനിമാ അഭിനയം നിര്‍ത്തുകയാണ്. നടി പ്രഖ്യാപിച്ചിട്ടൊന്നുമില്ല പക്ഷേ ഏതാണ്ട് അങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നാണ് സിനിമാ ലോകത്തെ ചിലരില്‍ നിന്നും ലഭിക്കുന്ന വിവരം.

തെലുങ്ക് ചിത്രമായ രാമരാജ്യത്തിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ അവസാനദിന ചിത്രീകരണവേളയില്‍ നയന്‍താര എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയത്രേ. തന്റെ കൈവശമുണ്ടായിരുന്ന 150 വാച്ചുകള്‍ നടി സെറ്റിലുള്ളവര്‍ക്ക് നല്‍കി.

നടിയുടെ മേക്കപ്പ്മാനാണ് കോളടിച്ചത്. അദ്ദേഹത്തിന് ലഭിച്ചത് നയന്‍സിന്റെ വക ഒരു തങ്കമോതിരമാണ്. അഭിനയം നിര്‍ത്തുന്നതിന്റെ മുന്നോടിയാണ് നയന്‍സിന്റെ ഈ സമ്മാനദാനം എന്നാണ് പറയുന്നത്.

ചിത്രത്തെക്കുറിച്ചും നയന്‍താരയ്ക്ക് നൂറുനാവാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരനുഗ്രഹമാണെന്നാണ് അവര്‍ പറയുന്നത്. ഇത് എന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രമായിരിക്കും. ‘അവസാന ഷൂട്ടിംങ് ദിനത്തില്‍ ഞാന്‍ ശരിക്കും കരഞ്ഞ്‌പോയി. യൂണിറ്റ് മെമ്പേഴ്‌സെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്.’ നടി പറഞ്ഞു.

നയന്‍താര വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. റംലത്ത്- പ്രഭുദേവ വിവാഹമോചനം നടന്നതോടെ നയന്‍സ് -പ്രഭുദേവ വിവാഹം ഉടന്‍തന്നെയുണ്ടാകുമെന്ന് ഉറപ്പായി. ശ്രീ രാമരാജ്യത്തിനുശേഷം നടി പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടുമില്ല. അതിനാല്‍ ഈ ചിത്രം നയന്‍സിന്റെ അവസാന ചിത്രമാണ് എന്ന പ്രചരണങ്ങള്‍ ശക്തിപ്പെടുകയാണ്.

ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീരാമരാജ്യം. ശ്രീ സത്യസായി ബാബ മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം യലമഞ്ജലി സായി ബാബുവാണ് നിര്‍മ്മിക്കുന്നത്. ആഗസ്റ്റില്‍ ചിത്രം റീലീസ് ചെയ്യാനാണ് സംവിധായകരുടെ തീരുമാനം.