അടുത്തിടെ നയന്‍സ് ആരാധകരെല്ലാം വലിയ ആശങ്കയിലാണ്. പ്രഭുദേവയുടെ വിവാഹമോചനം കഴിഞ്ഞതിനാല്‍ നടിയുടെ വിവാഹം ഉടന്‍ നടക്കുമെന്നുറപ്പായി. വിവാഹശേഷം നയന്‍താര അഭിനയരംഗത്തുണ്ടാവുമോ? അതായിരുന്നു ആരാധകരുടെ ആശങ്ക.

ഇതിനിടയിലാണ് ശ്രീരാമരാജ്യം നയന്‍താരയുടെ അവസാന ചിത്രമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംങ് അവസാനിച്ച ദിവസം നയന്‍താര സെറ്റില്‍വച്ച് പൊട്ടിക്കരഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. ഇതെല്ലാം താരം സിനിമവിടുകയാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഇതിനു പുറമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ നടി വിസമ്മതിക്കുന്നതും, പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമെല്ലാം ആരാധകരെ വേദനിപ്പിച്ചു.

എന്നാല്‍ ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് താന്‍ സിനിമവിടുന്നില്ലെന്ന് നയന്‍താര പ്രഖ്യാപിച്ചിരിക്കുകാണ്. ശ്രീരാമരാജ്യത്തിന്റെ സെറ്റില്‍വച്ച് നടി കരയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സിനിമവിടുകയാണെന്ന പ്രചാരണം നടത്തുന്നവരോട് കടുത്ത ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്.

‘ആരാണ് ഞാന്‍ സിനിമ വിടുകയാണെന്ന് പറഞ്ഞത്? ഞാനങ്ങനെ ആരോടും പറഞ്ഞിട്ടില്ല’

ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീരാമരാജ്യത്തിലെ വേഷം തന്നെ ഏറെ ആകര്‍ഷിച്ചതായിരുന്നെന്നും ആ വേഷം അഴിക്കേണ്ടി വന്നപ്പോഴുണ്ടായ വിഷമാണ് തന്റെ വികാരപ്രകടത്തില്‍ പ്രതിഫലിച്ചതെന്നും നടി വിശദീകരിച്ചു. സീത എന്ന വേഷം തന്റെ ഭാഗ്യ വേഷമായാണ് കരുതുന്നത്. ആദ്യമായാണ് ഒരു പുരാണകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന സെറ്റായിരുന്നു ചിത്രത്തിന്റേത്. സിനിമാലോകത്തെ ദൈവങ്ങളിലൊരാളായ ബാപുവിനൊപ്പം പ്രവര്‍ത്തിക്കാനായത് വലിയൊരു അനുഗ്രഹമാണ്.

നായികയുടെ ഭാഗം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്ന നിര്‍മ്മാതാക്കളെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരെ ബഹുമാനിക്കുന്നവരെ കാണാന്‍ അവസരം ലഭിച്ചത് ശ്രീരാമരാജ്യത്തിന്റെ സെറ്റില്‍വച്ചാണ്. നയന്‍താര പറഞ്ഞു.

അടുത്തിടെ ഇന്റര്‍വ്യൂകളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും നയന്‍താര വിട്ടുനിന്നതിനെയും അവര്‍ ന്യായീകരിച്ചു. ഒരു പെണ്‍കുട്ടി അവളുടെ വ്യക്തിപരമായ കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായോ അടുത്ത കൂട്ടുകാരുമായോ പങ്കുവയ്ക്കാറുള്ളത്. ഒരു സിനിമാ നടിയായതുകൊണ്ട് തനിക്ക് പ്രത്യേകതയൊന്നുമില്ല. തന്റെ പ്രശ്‌നങ്ങളും, വേദനകളും കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ല. എന്നാല്‍ സ്ഥിതി ഇത്രത്തോളം വഷളായതിനാല്‍ ഇപ്പോള്‍ ഈ തുറുന്നുപറയല്‍ നടത്തുന്നതെന്നും നടി വ്യക്തമാക്കി.