തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ സങ്കട കണ്ണീരോടെയാണ് ശ്രീരാമരാജ്യം അവസാനിച്ചത്. ചിത്രത്തിന്റെ അവസാന ഷൂട്ടിംങ് ദിനത്തില്‍ നയന്‍താര സെറ്റില്‍വച്ച് വിങ്ങിപ്പൊട്ടി. നയന്‍താരയുടെ കണ്ണുനീര്‍ ടോളിവുഡിനെയും കരയിച്ചു.

സെറ്റില്‍ അവസാന സീനിന് ശേഷം നയന്‍താര ചിത്രത്തിന്റെ നിര്‍മ്മാതാവ് സായ് ബാബുവിന്റെ കാല്‍ തൊട്ട് വന്ദിച്ചു . തുടര്‍ന്നാണ് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞത്. ഈ സമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പൂക്കള്‍ കൊണ്ട് നയന്‍താരയെ അഭിഷേകം ചെയ്തു.
സംവിധായകന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കരഘോഷങ്ങളുമായി വിട നല്‍കിയപ്പോള്‍ നയന്‍താരയുടെ കരച്ചില്‍ ഉച്ഛസ്ഥായിലായി.

നയന്‍താരയുടെ അവസാന ചിത്രമാണ് ശ്രീരാമരാജ്യം എന്നാണ് പറുയുന്നത്. പ്രഭുദേവയുമായുള്ള വിവാഹത്തിന് തയ്യാറെടുത്ത് കഴിഞ്ഞ നയന്‍താര പുതിയ ചിത്രങ്ങള്‍ ഒന്നും കരാര്‍ ചെയ്യേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു. പ്രഭുദേവയ്ക്ക് അടുത്തിടെ ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഇതോടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഉറപ്പായി.

നയന്‍താരയുടെ തന്നെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവും ‘ശ്രീ രാമരാജ്യ’ത്തിലെ സീതയെന്ന കഥാപാത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീരാമന്‍ വനവാസത്തിന് പോകുന്നതും, സീത നേരിടേണ്ടി വരുന്ന അഗ്നിപരീക്ഷയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.