കിറാന്‍ഡൂല്‍: ഛത്തീസ്ഗഡിലെ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫീസില്‍ മാവോവാദി ആക്രമണം. സ്ഥലത്ത് സ്‌ഫോടനം നടത്തിയ ശേഷമായിരുന്നു അന്‍പതംഗ മാവോവാദി സംഘത്തിന്റെ ആക്രമണം. സുരക്ഷാ സൈനികരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോര്‍പറേഷന്‍ കോമ്പൗണ്ടിലെത്തിയ മാവോവാദികള്‍ പുറത്തുണ്ടായിരുന്നു വാഹനങ്ങള്‍ക്ക് തീവെച്ചുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഖനനത്തിനായി വന്‍തോതില്‍ സ്‌ഫോടക വസ്തുക്കല്‍ സൂക്ഷിക്കുന്ന കേന്ദ്രം കൂടിയാണിത്.

സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിക്കലാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നാണ് കരുതുന്നത്. കോര്‍പറേഷന്റെ കീഴിയില്‍ കിരാന്‍ഡുല്‍ ബൈലാഡിലാ കുന്നുകളില്‍ നിരവധി ഖനന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.