ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഡി ജി പി, പി വിജയനെതിരെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയന്‍ നല്‍കിയ ഹരജി കോടതി തള്ളി.

1970ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസിനെ വയനാട്ടിലെ കാട്ടിനുള്ളില്‍ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കീഴടങ്ങിയ വര്‍ഗീസിനെ മേലുദ്യോഗസ്ഥനായ വിജയന്റെ നിര്‍ദേശപ്രകാരം താന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയത് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച സി ബി ഐ അന്വഷണം തുടങ്ങി.

രാമചന്ദ്രന്‍ നായര്‍ മരിച്ചതിനാല്‍ അദ്ദേഹം നല്‍കിയ മൊഴി നിലനില്‍ക്കുന്നില്ലെന്നും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചത്. നേരത്തെ ഹൈക്കോടതി തള്ളിയ ഹരജിയാണ് സുപ്രീം കോടതിയും തള്ളിയത്. കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.