എഡിറ്റര്‍
എഡിറ്റര്‍
നക്‌സല്‍ നേതാവ് തേറ്റമല കൃഷ്ണന്‍കുട്ടി അന്തരിച്ചു
എഡിറ്റര്‍
Wednesday 22nd August 2012 9:49am

മാനന്തവാടി: നക്‌സല്‍ നേതാവ് തേറ്റമല കൃഷ്ണന്‍കുട്ടി (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4മണിയോടെ തൃശ്ശിലേരിയിലെ വീട്ടിലായിരുന്നു അന്ത്യം.

Ads By Google

നക്‌സല്‍ നേതാവ് എ. വര്‍ഗീസ്, കെ. അജിത എന്നിവര്‍ക്കൊപ്പം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തേറ്റമല കൃഷ്ണന്‍ കുട്ടി ഏറെക്കാലം വയനാടന്‍ മലനിരകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജയിലുകളില്‍ ഏറെക്കാലം തടവിലും കഴിഞ്ഞിരുന്നു. ഗോവാ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലും ജയിലില്‍ കിടന്നിരുന്നു.

കൃഷ്ണന്‍കുട്ടി ജയില്‍ മോചിതനായ ശേഷം സ്വതന്ത്ര നിലപാടുകളുമായി കഴിഞ്ഞ് വരികയായിരുന്നു. പെരുമ്പാവൂര്‍ വെങ്ങോലയില്‍ നിന്ന് 1950 ഓടെ വയനാട്ടിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ആദ്യം വെളളമുണ്ടക്കടുത്ത തേറ്റമലയിലായിരുന്നു താമസം. അവിടെ വെച്ചാണ് വര്‍ഗീസിനെ കാണുന്നതും പരിചയപ്പെടുന്നതും. അതോടെയാണ് നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നത്. സി.പി.ഐ.എമ്മില്‍ നിന്നാണ് കൃഷ്ണന്‍കുട്ടി നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ചേക്കേറുന്നത്.

1970 ഫെബ്രുവരി 18ന് വര്‍ഗീസ് തിരുനെല്ലി വനത്തിലെ കൂമ്പാരക്കുനിയില്‍ വെടിയേറ്റ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന കൃഷ്ണന്‍കുട്ടി ജയിലിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ ‘വലിയേട്ടന്‍’ എന്നാണ് കൃഷ്ണന്‍കുട്ടി അറിയപ്പെട്ടത്. വയനാടന്‍ വനാന്തരങ്ങളില്‍ നക്‌സല്‍ നേതാവ് വര്‍ഗീസിനൊപ്പം നയിച്ച വിപ്ലവ സംഘത്തിന് കൃഷ്ണന്‍കുട്ടിയായിരുന്നു വഴികാട്ടി. പുല്‍പ്പളളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലും സജീവമായി പങ്കെടുത്തു.

വര്‍ഗീസിന്റേത് ഏറ്റുമുട്ടല്‍ കൊലപാതകമല്ല, കൊന്നതിനുശേഷം ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ആ സമയത്ത് കൃഷ്ണന്‍കുട്ടി പരാതി നല്‍കിയിരുന്നു.

നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. ആനുകാലികങ്ങളില്‍ നിരന്തരം എഴുതാറുണ്ട്. പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമലയാണ് ഭാര്യ. മക്കള്‍: മനോജ്, മിനി, ഷജി. മരുമക്കള്‍: സുജാത, മോഹനന്‍, സുനില്‍. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്‍കും.

Advertisement