എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ്: നവാസ് ഷെരീഫ് അധികാരത്തിലേക്ക്
എഡിറ്റര്‍
Sunday 12th May 2013 9:45am

navas-shareef

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗിന് ആധികാരിക ജയമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Ads By Google

ചരിത്ര പ്രധാന്യമുള്ള തിരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫും, പാര്‍ട്ടിയും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പാക് ചരിത്രത്തില്‍ ഇത് ആദ്യമായാണ് മൂന്നാം തവണ ഒരാള്‍ തന്നെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുന്നത്.
നൂറ്റി ഇരുപതോളം സീറ്റുകളില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടി ലീഡ് ചെയ്യുകയായിരുന്നു. പി.എം.എല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

ഇമ്രാന്‍ ഖാന്റെ തെഹ്‌രികി ഇന്‍സാഫും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും രണ്ടാം സ്ഥാനത്തിനായുള്ള മത്സരത്തിലാണ്.

ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പാകിസ്താനിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. പാകിസ്താനില്‍ വീണ്ടുമൊരു ജനാധിപത്യഭരണം ഉണ്ടാകാനാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. ഇന്നലെ 60 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്‌ഫോടനങ്ങള്‍ തിരഞ്ഞെടുപ്പ് ദിനത്തിലും തുടര്‍ന്നു. കറാച്ചിയിലും പെഷവാറിലുമായി നടന്ന് സ്‌ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പോളിംഗ് ബൂത്തുകളോട് ചേര്‍ന്നാണ് സ്‌ഫോടനങ്ങളില്‍ അധികവും നടന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന പാക് താലിബാന്‍ ഭീഷണികള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. പ്രചാരണ പരിപാടികള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളടക്കം നിരവധിപേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്‍ പാക് പ്രധാനമന്ത്രി യുസഫ് റസാ ഗീലാനിയുടെ മകനെ അക്രമി സംഘം തട്ടികൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

Advertisement