വിവാഹം ശേഷം സിനിമാ ലോകത്തെ ഉപേക്ഷിച്ച് പോയ തെന്നിന്ത്യന്‍ നടി നവ്യാ നായര്‍ തിരിച്ചെത്തുന്നു. നടിയായല്ല, മറിച്ച് റിയാലിറ്റി ഷോ ജഡ്ജ് ആയാണ് നവ്യയുടെ തിരിച്ചുവരവ്.

ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ മുഖ്യ വിധികര്‍ത്താവായാണ് നവ്യ മിനിസ്‌ക്രീനിലെത്തുന്നത്. നടനും നര്‍ത്തകനുമായ അരവിന്ദാണ് മറ്റൊരു ജഡ്ജ്. പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും ബെസ്റ്റ് ഡാന്‍സറെ കണ്ടെത്താന്‍ വേണ്ടിയാണ് ഷോ.

സിനിമാ രംഗത്തെത്തും മുന്‍പ് നൃത്തരംഗത്ത് സജീവമായിരുന്നു. സ്‌ക്കൂള്‍ യുവജനോത്സവങ്ങളിലൂടെയാണ് നര്‍ത്തകിയെന്ന നിലയില്‍ നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയരംഗത്തെത്തിയതോടെ നവ്യ നൃത്തത്തെ ഉപേക്ഷിച്ചമട്ടായിരുന്നു. എന്നാല്‍ അടുത്തിടെ സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ ഫൈനല്‍ റൗണ്ടിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ നവ്യ നൃത്തം ചെയ്തിരുന്നു. ഇനി നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനാണ് നടിയുടെ തീരുമാനം.

ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നവ്യ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയെന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ചിത്രങ്ങളിലും നവ്യ കഴിവുതെളിയിച്ചു. എന്നാല്‍ 2010ല്‍ വിവാഹിതയായശേഷം നവ്യ അഭിനയ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സുരേഷ് ഗോപി നായകനായ സഹസ്രമാണ് നവ്യ അഭിനയിച്ച അവസാന ചിത്രം.