എഡിറ്റര്‍
എഡിറ്റര്‍
‘സീന്‍ ഒന്ന് നമ്മുടെ വീട്’ ; ഇടവേളയ്ക്കുശേഷം നവ്യാനായര്‍ വീണ്ടും
എഡിറ്റര്‍
Sunday 27th May 2012 11:16am

വിവാഹത്തോടെ സിനിമയെ മറക്കുകയാണ് മലയാളത്തിലെ നായികമാരുടെ പതിവ്. എന്നാല്‍ അതിന് തന്നെ കിട്ടില്ലെന്ന് നവ്യ നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പറ്റിയ വേഷം കിട്ടിയാല്‍ തിരിച്ചെത്തുമെന്ന വാക്ക് നടി പാലിക്കുകയാണ്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നവ്യ മടങ്ങിയെത്തുന്നത്. ചിത്രത്തില്‍ പ്ലസ് ടു അധ്യാപികയുടെ വേഷത്തിലാണ് നവ്യ പ്രത്യക്ഷപ്പെടുന്നത്. ശൈലേഷ് ദിവാകര്‍ തിരക്കഥയെഴുതുന്ന സീന്‍ ഒന്ന് നമ്മുടെ വീട് ഷെഫീര്‍ സേഠാണ് നിര്‍മിക്കുന്നത്.

സിനിമ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ സഹസംവിധായകന്‍ ഒറ്റപ്പാലം ഉണ്ണിയായി എത്തുന്ന ലാലിന്റെ ഭാര്യ മഞ്ജുവിനെയാണ് നവ്യ അവതരിപ്പിയ്ക്കുന്നത്.

ദിലീപ് നായകനായ ഇഷ്ടത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിലെത്തിയത്. പിന്നീട് നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കുഞ്ഞ് പിറന്നശേഷം ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി നവ്യ പ്രത്യക്ഷപ്പെട്ടിരുന്നു.

2010ലാണ് നവ്യ ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷ് മേനോനെ വിവാഹം കഴിച്ചത്. ഏക മകന്‍ സായ് കൃഷ്ണയോടൊപ്പം ആലപ്പുഴയിലുള്ള നവ്യ കുടുംബജീവിതത്തിന് തന്നെയാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ പ്രായത്തിനും ചേരുന്ന മികച്ച വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ക്യാമറയുടെ മുന്നിലെത്താനാണ് നടിയുടെ തീരുമാനം.

Advertisement