തിരുവനന്തപ്പുരം: 160 പൂക്കളും അതിലേറെ ചോദ്യങ്ങളുമായി കൊട്ടാരക്കരയില്‍ നിന്നും കൊല്ലം ജവഹര്‍ നവോദയാ വിദ്യാലയത്തിലെ കുട്ടികള്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടിയെ കാണാനെത്തി. ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും ചിരിയുമായി മുഖ്യമന്ത്രി കുട്ടികളെ സ്വീകരിച്ചു. പഠനയാത്രയുടെ ഭാഗമായാണ് ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ഒന്‍പത് അധ്യാപകരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിയത്.

പദ്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തിയതിനാല്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ തുടങ്ങിയത് പദ്മനാഭ സ്വാമി ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്ന വിധത്തെക്കുറിച്ചായിരുന്നു. വിദ്യാര്‍ഥികളുടെ ആദ്യ ചോദ്യം.  അവിടെയുള്ളത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി സംസ്ഥാനത്തിന് അതു സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. ക്ഷേത്ര സുരക്ഷയ്ക്കായി 233 പോലീസുകാരെ ഉടന്‍ വിന്യസിക്കും.  33 കോടി രൂപ ചെലവഴിച്ചുള്ള സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്താനുദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കൊച്ചി മെട്രോ റയിലിനെക്കുറിച്ചുള്ള ചോദ്യങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും കാലതാമസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മെമു തീവണ്ടി-മോണോ റയില്‍  പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. മോണോ റയില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്ത ശേഷം താന്‍ മുറിയിലില്ലാതിരിക്കെ ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്നതും ഗള്‍ഫില്‍ നിന്നും ഇതു വെബ് സൈറ്റ് വഴി കണ്ടയാള്‍ തന്റെ ഓഫീസില്‍ വിളിച്ചു പറഞ്ഞ് ആളെ നീക്കിയ കാര്യവും മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. ചിരിപൊട്ടിയ വിദ്യാര്‍ഥികളോട് എല്ലാവരും നന്നായി പഠിക്കണം എന്നു പറഞ്ഞാണ് മുഖ്യമന്ത്രി യാത്രയാക്കിയത്.

Malayalam News

Kerala News in English