എഡിറ്റര്‍
എഡിറ്റര്‍
നവോദയ അപ്പച്ചന്‍ അന്തരിച്ചു; അണഞ്ഞത് മലയാള സിനിമയിലെ പരീക്ഷണങ്ങളുടെ ചക്രവര്‍ത്തി
എഡിറ്റര്‍
Monday 23rd April 2012 6:57pm

കൊച്ചി: പ്രശസ്ത സിനിമാ നിര്‍മ്മാതവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ വൈകീട്ട് 6.40നായിരുന്നു അന്ത്യം. മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് ആണ് നവോദയ അപ്പച്ചന്‍ എന്ന പേരില്‍ പ്രശസ്തമായത്. 1924ല്‍ ആലപ്പുഴ ജില്ലയിലാണ് അപ്പച്ചന്‍ ജനിച്ചത്. മലയാള ചലച്ചിത്രസംവിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്. പ്രശസ്തമായ നവോദയ സ്റ്റുഡിയോ സ്ഥാപിച്ചത് അപ്പച്ചനാണ്.

ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചലച്ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ നിര്‍മ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984ല്‍ പ്രസിഡണ്ടിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചലച്ചിത്രം സംവിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70 ാാ ചലച്ചിത്രമായ പടയോട്ടം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.

ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്. ചെന്നൈയിലാണ് ഈ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976ല്‍ കേരളത്തില്‍ എറണാകുളം ജില്ലയിലെ കാക്കനാടാണ് അദ്ദേഹം നവോദയ എന്ന പേരില്‍ ഒരു ചലച്ചിത്രനിര്‍മ്മാണ സ്റ്റുഡിയോ സ്ഥാപിച്ചത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, ഛോട്ടാ ചേതന്‍, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകന്‍ തുടങ്ങി നൂറോളം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. 2010 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടിട്ടുണ്ട്.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം കൊണ്ടുവന്ന സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലാണ് നവോദയ അപ്പച്ചന്‍ ഓര്‍മ്മിക്കപ്പെടുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രതിഭകളെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്നതും അപ്പച്ചനാണ്.

അപ്പച്ചന്‍ നിര്‍മ്മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. പൂര്‍ണ്ണിമയുടെ അരങ്ങേറ്റവും ഈ സിനിമയിലൂടെയായിരുന്നു. ഈ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പുതുമുഖങ്ങളെ ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവന്ന് പരീക്ഷണത്തിന് തുടക്കം കുറിച്ചതും അപ്പച്ചനായിരുന്നു.

Advertisement