ദമ്മാം: പൊതുമാപ്പുമായി ബന്ധപ്പെട്ട് കിഴക്കന്‍ പ്രവിശ്യയില്‍ തര്‍ഹീല്‍ ഉള്‍പ്പെടെയുള്ള സൗദി ഓഫീസുകള്‍ വഴി നടക്കുന്ന ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും, ഇങ്ങനെ പോയാല്‍ മൂന്നു മാസത്തിനകം നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും അതിനു കഴിയില്ലെന്നും, അതിനാല്‍ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങി ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ സൗദി അധികാരികളെ പ്രേരിപ്പിയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി നടപടിയെടുക്കണമെന്നും നവയുഗം സാംസ്‌കാരികവേദി മുഹമ്മദിയ യൂണിറ്റ് കണ്‍വെന്‍ഷന്‍, ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നഹാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി ഉത്ഘാടനം ചെയ്തു.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി നേതാക്കളായ അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, റഹിം അലനല്ലൂര്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. റിജീഷ് സ്വാഗതവും, പ്രമോദ് നന്ദിയും പറഞ്ഞു.

മുഹമ്മദിയ യൂണിറ്റ് കമ്മിറ്റിയുടെ രക്ഷാധികാരിയായി നജീബിനെയും, പ്രസിഡന്റായി സജീവിനെയും, വൈസ് പ്രസിഡന്റായി ഗോപാല്‍ രാജിനെയും, സെക്രട്ടറിയായി പ്രമോദിനെയും, ജോയിന്റ് സെക്രട്ടറിയായി അബ്ദുള്‍ സലാമിനെയും, ഖജാന്‍ജിയായി നഹാസിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.