അല്‍കോബാര്‍: താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ ‘മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’ നിര്‍ത്തലാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിയ്ക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന ന്യായം പറഞ്ഞാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ഈ പദ്ധതി അവസാനിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ വേണ്ടത്ര പ്രചാരണമോ, ബോധവല്‍ക്കരണമോ കേന്ദ്രസര്‍ക്കാര്‍ നടത്താത്തതിനാലാണ്, പദ്ധതിയില്‍ അംഗമായി ചേര്‍ന്നവര്‍ കുറവായി പോയത്.

പദ്ധതിയില്‍ കുടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് ആവശ്യമാറ്റങ്ങള്‍ വരുത്തുന്നതിനു പകരം, പദ്ധതി തന്നെ ഇല്ലായ്മ ചെയ്യുന്നത് സാധാരണ പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കടുത്ത വഞ്ചനയാണ്. പ്രവാസികാര്യ വകുപ്പ് ഇല്ലായ്മ ചെയ്തത് പോലെ, പ്രവാസികളുടെ ഓരോ അവകാശങ്ങളും എടുത്തു കളയാനാണ് സര്‍ക്കാറിന്റെ ഉദ്ദേശമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയം ആഹ്വാനം ചെയ്തു.