അല്‍കോബാര്‍: മലയാളഭാഷയ്ക്ക് കാവ്യഭംഗിയുടെ ഉടയാട ചാര്‍ത്തിയ അനുഗൃഹീതകവിയും, ജ്ഞാനപീഠം അവാര്‍ഡ് ജേതാവും, ചലച്ചിത്രഗാനരചയിതാവും, ഇടതുപക്ഷസഹയാത്രികനുമായ ഒ.എന്‍.വി കുറുപ്പ് വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു.

മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷികം പ്രമാണിച്ച്, നവയുഗം സാംസ്‌കാരികവേദി വായനവേദിയുടെ കോബാര്‍ മേഖലഘടകം, മഹാകവിയ്ക്ക് കാവ്യാഞ്ജലി അര്‍പ്പിയ്ക്കാനായി അനുസ്മരണം സംഘടിപ്പിയ്ക്കുകയാണ്.

ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക്, അല്‍കോബാര്‍ റഹ്മാനിയയില്‍ ഉള്ള റഫ ആഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ഒ.എന്‍.വി അനുസ്മരണത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാഹിത്യ-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ സാജിത്ത് ആറാട്ടുപുഴ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും. സൗദിയിലെ പ്രമുഖ സാഹിത്യപ്രവര്‍ത്തകര്‍ പ്രിയകവിയ്ക്ക് കാവ്യാഞ്ജലിയായി കവിതകള്‍ അവതരിപ്പിയ്ക്കും. ഒ.എന്‍.വി കവിതകളുടെ ആലാപനം, നവയുഗം വായനവേദി ലൈബ്രറിയുടെ പുസ്തകപ്രദര്‍ശനം എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

എല്ലാ സാഹിത്യസ്‌നേഹികളെയും, പ്രവാസികളെയും, കുടുംബങ്ങളെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം വായനവേദി കോബാര്‍ മേഖല കണ്‍വീനര്‍ മാധവ് കെ.വാസുദേവ് അറിയിച്ചു.