ദമ്മാം: പ്രവാസം ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചപ്പോള്‍ ജീവിതം വഴിമുട്ടി ബുദ്ധിമുട്ടിലായി മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ ശക്തമായ ഇടപെടലില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി നസീറ ബീവി ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ്, റാസ് തനൂറയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി സൗദി അറേബ്യയിലെത്തിയത്. മോശം സാമ്പത്തികസ്ഥിതിയില്‍ ആയിരുന്ന സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയോടെയാണ് അവര്‍ പ്രവാസലോകത്ത് എത്തിയത്.

എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മോശം ജോലി സാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാത്ത അതികഠിനമായ ജോലിയും, മതിയായ ആഹാരം പോലും കിട്ടാത്ത അവസ്ഥയും കാരണം അവര്‍ ഏറെ ബുദ്ധിമുട്ടി. അതിന് പുറമെ സ്പോണ്‍സറുടെ ഭാര്യയുടെ എപ്പോഴുമുള്ള അനാവശ്യ ശകാരങ്ങളും, ചിലപ്പോള്‍ മര്‍ദ്ദനവും അവര്‍ക്ക് നേരിടേണ്ടി വന്നു. ഒരു ദിവസം സഹികെട്ട് പ്രതിഷേധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ നസീറയെ പിടിച്ചു തള്ളുകയും, ചുവരില്‍ തലയടിച്ചു വീണ അവര്‍ ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് ആ വീട്ടുകാര്‍ അവരെ റാസ് തനൂറയിലെ ഒരു ആശുപത്രിയില്‍ കൊണ്ടുചെന്നാക്കി. തലയ്ക്കകത്ത് രക്തം കട്ടപിടിച്ചു എന്ന് കണ്ടതിനെത്തുടര്‍ന്ന്, അവരെ സെന്‍ട്രല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. 15 ദിവസം അവര്‍ അവിടെ ചികിത്സയില്‍ കിടന്നു.

ആശുപതിയില്‍ കണ്ട ഒരു മലയാളി നഴ്‌സിന്റെ സഹായത്തോടെ നസീറ നാട്ടിലേയ്ക്ക് വിളിച്ചു വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. നസീറയുടെ ഒരു അകന്ന ബന്ധു ദമ്മാം കൊദരിയയില്‍ ജോലി ചെയ്തിരുന്നു. നാട്ടിലെ നിന്നും വിവരങ്ങള്‍ അറിഞ്ഞ അയാള്‍, നവയുഗം സാംസ്‌കാരികവേദി കൊദരിയ യൂണിറ്റിനോട് സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന്, നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അഷറഫ് തലശ്ശേരി, റിജേഷ് കണ്ണൂര്‍ എന്നിവര്‍ നസീറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും, അവിടെ വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നസീറയുടെ സ്‌പോണ്‌സറുമായി ഫോണില്‍ സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒരു സഹകരണത്തിനും തയ്യാറായില്ല. തുടര്‍ന്ന് സൗദി പോലീസിന്റെ സഹായത്തോടെ നവയുഗം പ്രവര്‍ത്തകര്‍, നസീറയെ ആശുപത്രിയില്‍ നിന്നും വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.