എഡിറ്റര്‍
എഡിറ്റര്‍
പ്രവാസികളെയും കേരളത്തെയും ഒരുപോലെ അവഗണിച്ച കേന്ദ്രബജറ്റ്: നവയുഗം
എഡിറ്റര്‍
Saturday 4th February 2017 3:18pm

navayugam1

ദമ്മാം: കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലി അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ 2017ലെ ബജറ്റില്‍, കോടിക്കണക്കിനു വരുന്ന പ്രവാസികളെയും, കേരളസംസ്ഥാനത്തേയും അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികള്‍ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നത്. എന്നാല്‍ ബജറ്റില്‍, ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലുമടക്കം മാറിവരുന്ന സാമ്പത്തിക,സാമൂഹിക സാഹചര്യങ്ങള്‍ മൂലം മടങ്ങിവരവിന്റെ സമ്മര്‍ദ്ദത്തിലായിരിയ്ക്കുന്ന പ്രവാസികള്‍ക്കായി, പുതിയ പുനരധിവാസപദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ല എന്ന് മാത്രമല്ല, പ്രവാസിക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെയ്ക്കാന്‍ പോലും തയ്യാറാകാത്തത് ഏറെ നിരാശാജനകമാണെന്ന് നവയുഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഗള്‍ഫ് സന്ദര്‍ശനസമയത്തു നടത്തിയ വാഗ്ദാനപ്രസംഗങ്ങളോ, പ്രവാസിദിവസ് അനുബന്ധിച്ചു നടത്തിയ പ്രഖ്യാപനങ്ങളോ ഒന്നും ബജറ്റില്‍ ഉള്‍കൊള്ളിയ്ക്കാന്‍ തയാറാകാത്ത മോദി സര്‍ക്കാര്‍, പ്രവാസികളോട് മാപ്പ് പറയുകയാണ് വേണ്ടത്.

കേരളസംസ്ഥാനത്തോട് ചിറ്റമ്മനയം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ദീര്‍ഘകാലആവശ്യങ്ങളായ ഐ.ഐ.ടി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവ അനുവദിക്കാന്‍ തയ്യാറായില്ല. റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രസഹായമായി 1000 കോടി രൂപ അനുവദിക്കുക, റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനത്തില്‍നിന്ന് 40 ശതമാനമായി ഉയര്‍ത്തുക, മലബാര്‍ ക്യാന്‍സന്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായി ഉയര്‍ത്തുക, തിരുവനന്തപുരം ആര്‍സിസിയെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കുക, ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തുക, പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തിന് ആവശ്യമായ തുക അനുവദിക്കുക, സബര്‍ബന്‍ റെയില്‍ സര്‍വീസ് ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുക, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ നിര്‍മാണത്തിന് ആവശ്യമായ പണം അനുവദിക്കുക, സ്വച്ഛ്ഭാരത്, തൊഴിലുറപ്പ് പദ്ധതികളില്‍ തോട്ടംമേഖലയെയും ഉള്‍പ്പെടുത്തുക, ഡയറി കോ-ഓപ്പറേറ്റിവ്് സൊസൈറ്റിക്കുകീഴില്‍ രജിസ്റ്റര്‍ചെയ്ത പ്രാഥമിക സഹകരണസംഘങ്ങളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുക, സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സാമ്പത്തികസുരക്ഷിതത്വത്തിനായി ആദായനികുതി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങിയ ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചില്ലെന്നും നവയുഗം കുറ്റപ്പെടുത്തി.

ബജറ്റ് അവതരണം മുടങ്ങാതിരിയ്ക്കാന്‍, നിലവില്‍ എം.പിയും, മുന്‍കേന്ദ്രമന്ത്രിയുമായിരുന്നു ഇ.അഹമ്മദ് സാഹിബിന്റെ അപ്രതീക്ഷിതമരണവാര്‍ത്ത ഒളിപ്പിച്ചു വെച്ച്, ജനാധിപത്യത്തെ കൊഞ്ഞനം കാട്ടി, മനുഷ്യത്വരഹിതമായ നാടകം കളിച്ച മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും, സംസ്‌കാരത്തിനും തന്നെ അപമാനമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

ഇ.അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നവയുഗം കേന്ദ്രകമ്മിറ്റി, കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രവാസികള്‍ ശക്തമായി പ്രതിഷേധിയ്ക്കണമെന്നും ആഹ്വാനം ചെയ്തു.

Advertisement