ഇസ്ലാമാബാദ്: വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക് സുപ്രീം കോടതിയുടെ അന്വേഷണ ഉത്തരവ്. പനാമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിയിലാണ് ഷെരിഫീനും കുടുംബാഗങ്ങള്‍ക്കുമെതിരെ സംയുക്ത അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.


Also read കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു 


കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഫ്ളാറ്റും സ്വത്തുവകകളും ഭൂമിയും വാങ്ങിയെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രിക ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

 പനാമ പേപ്പേഴ്‌സ് പുറത്ത് വിട്ട രേഖകള്‍ പ്രകാരം ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ട്. 11.5 മില്യണിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് മൂന്ന് പേര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഷെരീഫിന്റെ ആസ്തിയില്‍ 100 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്നും ആരോപണങ്ങളുണ്ടായിരുന്നു.

മിലിട്ടറി ഇന്റലിജന്‍സ് അടക്കം വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം നടക്കുക. കേസില്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കാത്ത സാഹചര്യത്തില്‍ ഷെരീഫിന് തല്‍ക്കാലം സ്ഥാനമൊഴിയോണ്ടി വരില്ല.