ജിദ്ദ: ലോകത്തിന്റെ അധീശത്വം സ്വയം അവകാശപ്പെടുകയും അഹങ്കാരത്തിന്റെ ദേശീയതയില്‍ വിഹരിക്കുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടങ്ങളുടെ പൂര്‍വ്വകാല ചരിത്രത്തിന്റെ ചുമരെഴുത്ത് തിരുത്താനുള്ള ഒബാമയുടെ ശ്രമങ്ങളാണ് ജനങ്ങള്‍ സ്വീകരിച്ചതെന്ന് ജിദ്ദ നവധാര എക്‌സിക്യുട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.[innerad]

അഭ്യന്തര വെല്ലുവിളികളെ അധിനിവേശ വിദേശനയം കൊണ്ട് മറികടന്നിരുന്ന നാള്‍വഴികള്‍ അമേരിക്കന്‍ ജനത ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്.

കോര്‍പ്പറേറ്റുകളും, ജൂതലോബിയും പിടിമുറുക്കിയിരുന്ന ഭരണസിരാകേന്ദ്രം ജനഹിതത്തിന് വഴിമാറിക്കൊടുക്കാന്‍ ജനകീയ സമരങ്ങള്‍ കാരണമായത് ലോകത്തിന് മാതൃകയാണ്.

വാള്‍സ്റ്റ്രീറ്റും, തൊഴിലില്ലായ്മയും, സാമ്പത്തിക തകര്‍ച്ചയും, ആരോഗ്യരംഗത്തെ ഇന്‍ഷൂറന്‍സ് കെടുകാര്യസ്ഥതയും, സാമ്രാജ്യത്വമോഹങ്ങള്‍ക്ക് ഇനി കാലം നിന്നുതരില്ല എന്നത് അമേരിക്കന്‍ ഭരണാധികാരിയേയും ജനങ്ങളേയും പഠിപ്പിച്ചത് മുതലാളിത്ത നയങ്ങളുടെ ബദലായി പുതിയ സാമ്പത്തിക ലോക ക്രമത്തിന്റെ ലാറ്റിനമേരിക്കന്‍ മാതൃകയില്‍ നിന്നും ഊര്‍ജ്ജം പ്രസരിച്ചത് കൊണ്ടാണെന്നും നവധാര ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങളെല്ലാം പരാജയം സമ്മതിച്ച നവഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സോഷ്യലിസ്റ്റുക്രമീകരണങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ഇന്ത്യാരാജ്യം കുകുത്തകകളുടെ പുണ്യഭൂമിയായി മാറുന്നത് ഭയാനകമാണ്. സേവന, ആരോഗ്യ, വിദ്യാഭ്യാസ രംഗവും, പെന്‍ഷന്‍, റേഷന്‍, മുതലായ സുരക്ഷാ രംഗവും, വിറ്റുതുലയ്ക്കുകയോ, നിശ്ചലമാക്കുകയോ ചെയ്യുന്ന ഭരണകൂടം അമേരിക്കന്‍ മാറ്റം മാതൃകയാക്കണം.

ദരിദ്രനാരായണമാരുടെ നാട്ടില്‍ തൊഴിലില്ലായ്മയും, പട്ടിണിയും പെരുകുമ്പോള്‍ പണക്കാരുടെ എണ്ണം കൂട്ടി ജി.ഡി.പി. കാണിച്ച് ഇക്കിളിപ്പെടുത്തി ഭൂരിപക്ഷജനതയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭരണ നവീകരണത്തിന് മന്ത്രിസഭാ പുന:സംഘടനയുള്‍പ്പെടെയുള്ള പൊറാട്ടുനാടകങ്ങള്‍ കൊണ്ട് മറയിടാന്‍ തയ്യാറാകുന്നത് ലോകത്തിന്നുമുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ്.

വരാനിരിക്കുന്ന നല്ല അമേരിക്കക്കായി നയം മാറ്റി ജനഹിതം അനുകൂലമാക്കിയ ഒബാമയുടെ മാതൃകയില്‍ മന്‍മോഹന്റെ ദാസ്യവേഷം മാറ്റിവെച്ച് ജനങ്ങളെ സമീപിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നില്ലെങ്കില്‍ മാറ്റമില്ലാത്ത കോണ്‍ഗ്രസ്സും, ബി.ജെ.പി.യും, ഇനി ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ അഭയം തേടേണ്ടിവരുമെന്നും നവധാര വിലയിരുത്തി.

ഏരിയ പ്രസിഡന്റ് നാസ്സര്‍ ആഞ്ഞിലങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സെക്രട്ടറി നാസ്സര്‍ അരിപ്ര രാഷ്ട്രീയ റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി ഷാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗഫൂര്‍ ചുങ്കത്തറ, സഹീര്‍ വലപ്പാട്, റസാക്ക് മമ്പാട്, രാംദാസ് പെരിന്തല്‍മണ്ണ, റഫീഖ് പെരിന്താറ്റിരി, മുജീബ് വാപ്പന്‍, ബഷീര്‍ ആലപ്പുഴ എന്നിവരും സംബന്ധിച്ചു.