ടി.പി അനുസ്മരണത്തില്‍ നവധാര
Pravasi
ടി.പി അനുസ്മരണത്തില്‍ നവധാര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2013, 4:16 pm

ജിദ്ദ: കേരളത്തിലെ കൊലപാതക രഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായിരിക്കും ടി.പി. ചന്ദ്രശേഖരനെന്നും, സി.പി.എം കൊലപാതക രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാന്‍ ടി.പി.വധം കൊണ്ട് സാധിക്കുമെങ്കില്‍ ഭാര്യ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ടെന്നും സ: രമ പറഞ്ഞു. []

ഇനിയൊരു അരുംകൊല നടത്താന്‍ സി.പി.എം.ന് ധൈര്യമില്ലാത്ത വിധം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോയ പാര്‍ട്ടിക്ക് ഒഞ്ചിയത്തുനിന്നും തുടങ്ങിയ ഷോക്ക് സി.പി.എം. കോട്ടയായ കണ്ണൂരില്‍ ടി.പി.ചന്ദ്രശേഖരന്റെ പാര്‍ട്ടിക്ക് ജില്ലാകമ്മിറ്റി നിലവില്‍ വരുന്നതോടെ പാര്‍ട്ടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും, ജിദ്ദ നവധാര സംഘടിപ്പിച്ച ടി.പി. രക്തസാക്ഷി അനുസ്മരണത്തില്‍ ടെലിഫോണിലൂടെ സ്മാരകപ്രഭാഷണം നടത്തി സ: രമ കൂട്ടിച്ചേര്‍ത്തു.

ജീവല്‍ പ്രശ്‌നങ്ങളെ കൃത്യമായി സമീപിക്കാന്‍ ഇടതുപക്ഷ നിലപാടിനു മാത്രമേ സാദ്ധിക്കൂ. മനുഷ്യത്വരഹിതവും പ്രതിലോമവുമായ വലതുപക്ഷ നയം വലതുപക്ഷത്തെ ജനവിരുദ്ധമാക്കുകയും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് “ദിശ തെറ്റിയ ഇടതുപക്ഷ വിപ്ലവവും വിസമ്മതത്തിന്റെ ഇടതുപക്ഷ ബദലും” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഗഫൂര്‍ ചുങ്കത്തറ പറഞ്ഞു.

കാര്‍ഷിക രാജ്യമായ ഇന്ത്യയെ തകര്‍ക്കുന്നതും, വ്യവസായിക പുരോഗതിയെ തടയുന്നതുമായ ഇടതുപക്ഷ നയം അവസാനിപ്പിക്കണമെന്നും, അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന പ്രവണതക്ക് ടി.പി. ചന്ദ്രശേഖരന്റെ രക്തം വീഴ്ത്തിയതിലൂടെ  അന്ത്യം കുറിക്കുമെന്നും സെമിനാറില്‍ പങ്കെടുത്തുകൊണ്ട് കുഞ്ഞാലി ഹാജി (ഒ.ഐ.സി.സി) പറഞ്ഞു.

പാരിസ്ഥിതിക വിഷയത്തിലും, തൊഴിലാളിവര്‍ഗ്ഗ സമീപനത്തിലും മുതലാളിത്ത കാഴ്ചപ്പാടിലേക്ക് മാറിയ ഇടതുപക്ഷം തൊഴിലാളിക്കു വേണ്ടി ശബ്ദമുയര്‍ത്താനായി ഏറ്റവും വലിയ പിന്തിരിപ്പനെന്ന മുതലാളിത്തത്തോടൊപ്പം ചേര്‍ന്ന് വാദിക്കാന്‍ തുടങ്ങിയതായി രായികുട്ടി നീരാട് (കെ.എം.സി.സി) അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ കിരാതവാഴ്ച്ചക്ക് അവസാനം കാണാന്‍ ടി.പി. വധം കാരണമായിട്ടുണ്ടെന്നും, സി.പി.എം നെ വിമര്‍ശിക്കുന്നവര്‍ക്ക് ടി.പി. ചന്ദ്രശേഖരന്റെ ഗതിയായിരിക്കും ഉണ്ടാവുകയെന്നും ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ വിപ്ലവപാര്‍ട്ടിക്ക് ഇപ്പോള്‍ കാറ്റ് വീഴ്ചയാണെന്നും കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തി ഇടതുപക്ഷപ്രസ്ഥാങ്ങള്‍ നന്മയുടെ പക്ഷത്തേക്ക് വരണമെന്നും ഹിംസാത്മകവും, സംഹാരാത്മകവുമായ നിലപാടുകള്‍ നിരാകരിക്കണമെന്നും അഡ്വ: മുനീര്‍ അഭിപ്രായപ്പെട്ടു.

സര്‍ഗ്ഗാത്മകതയും, മാനവികതയും, തള്ളിക്കളഞ്ഞും കൊലവിളിച്ചും മുന്നോട്ട് പോകാന്‍ യാതൊരു മടിയുമില്ലാത്ത സി.പി.എം.ന് ജനങ്ങളെ സമീപിക്കാന്‍ ഇനി അര്‍ഹതയില്ലാതായതായി മുസ്തഫ കീത്തേടത്ത് പറഞ്ഞു.

ഉത്പാദന ശാസ്ത്രസാങ്കേതിക വ്യവസായ പുരോഗതിയില്‍ ഇടതുപക്ഷം പുരോഗമനപരവും, വരും തലമുറയെക്കൂടി പരിഗണിക്കുന്നതുമാണ്. ഇടതുപക്ഷ നയത്തെ തടസ്സമായി കാണുന്നവര്‍ ഉപഭോഗ തൃഷ്ണയുടെ വക്താക്കളും, ഇതേ വാദവുമായി നവ മുതലാളിത്ത സമീപനം സ്വീകരിച്ച് രംഗത്തു വന്ന സി.പി.എം.ന്റെ നിലപാടിനെതിരെ നിലയുറപ്പിച്ച ടി.പി.യെ ഇല്ലാതാക്കിയാലും ഇടതുപക്ഷ നയ വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ശ്രമം തുടരുക തന്നെ ചെയ്യും. അതിന് വലതുപക്ഷ സഹായം ആവശ്യമില്ല. വലതുപക്ഷത്തോടുള്ള സമീപനം, അത് മനുഷ്യത്വവിരുദ്ധവും പിന്തിരിപ്പനുമാണ്. അത്തരം ഒരു വലതുപക്ഷവുമായി ടി.പി. യെയോ സമാന മനസ്‌കരേയോ കൂട്ടിക്കെട്ടുന്നത് സി.പി.എം. നുണപ്രചാരകരുടെ ഭീരുത്വമാണെന്നും വിഷയം ക്രോഡീകരിച്ചുകൊണ്ട് നാസര്‍ അരിപ്ര ചൂണ്ടിക്കാട്ടി.

ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന സ: ടി.പി. അനുസ്മരണ സമ്മേളനത്തില്‍ സ: നാസര്‍ ഒലവക്കോട് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സ: ഷാജു ചാരുമ്മൂട് സ്വാഗതവും, സ: കെ.വി. നാസര്‍ ആഞ്ഞിലങ്ങാടി നന്ദിയും പറഞ്ഞു.