മലപ്പുറം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തില്‍ മതപ്രഭാഷകന്‍ നൗഷാദ് ബാഖവി സമസ്ത പ്രസിഡന്റിനോട് മാപ്പ് പറഞ്ഞു. ഇ.കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ടാണ് നൗഷാദ് ബാഖവി ക്ഷമാപണം നടത്തിയത്.

സമസ്തയുടെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയില്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് മുത്തുക്കോയ തങ്ങള്‍ നൗഷാദ് ബാഖവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് മാപ്പു പറച്ചില്‍.


Also Read: അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോയെന്ന് മകന്‍; സ്വന്തം മരണ വാര്‍ത്ത വാട്‌സ്അപ്പിലൂടെ അറിഞ്ഞ ഞെട്ടലില്‍ വിജയരാഘവന്‍


നൗഷാദ് ബാഖവിയുടെ പ്രസംഗം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുത്തുക്കോയ തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളെ നേരില്‍ കണ്ട് തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ബാഖവി പറഞ്ഞു. തനിക്കെതിരെയുള്ള നടപടിയില്‍ നിന്നൊഴിവാക്കണമെന്നും ബാഖവി അഭ്യര്‍ത്ഥിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷമേ ബാഖവിക്കെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ സമസ്ത നേതൃത്വം തീരുമാനമെടുക്കൂ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും മലപ്പുറം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.


Don’t Miss: അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; അടൂര്‍ സ്വദേശിയോട് ‘1900’ പിഴയടക്കാന്‍ ബാങ്ക്; തുടര്‍ക്കഥയായി ബാങ്കുകളുടെ തീവെട്ടിക്കൊള്ള


മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുളളത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍ നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നുമായിരുന്നു നൗഷാദ് ബാഖവി പ്രസംഗത്തില്‍ പറഞ്ഞത്.