എഡിറ്റര്‍
എഡിറ്റര്‍
വരൂ, ഹരിത സമ്പദ് വ്യവസ്ഥയ്ക്കായി കൈകോര്‍ക്കാം
എഡിറ്റര്‍
Wednesday 6th June 2012 1:22am

 

പി.കെ. ഫിറോസ്‌

ഇന്ന് ലോകപരിസ്ഥിതി ദിനം. മനുഷ്യനും ഭൂമിയിലെ ജീവജാലങ്ങളും പാരിസ്ഥിതികമായ നിലനില്‍പ്പിനുള്ള ജീവിത സമരം നടത്തുമ്പോള്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, പൊതുസമൂഹത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഇത്തരം പ്രശ്‌നങ്ങളുടെ പ്രാധാന്യം എത്തിക്കുക, ഈ ലക്ഷ്യത്തോടെയാണ് 1972 ല്‍ ഐക്യരാഷ്ട്ര പൊതുസഭ ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.  1972ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന യു.എന്‍. പരിസ്ഥിതി സമ്മേളനത്തോടനത്തോട് അനുബന്ധിച്ചായിരുന്നു ആ തീരുമാനം. അതേവര്‍ഷം തന്നെ രൂപംനല്‍കിയ ‘യു.എന്‍.പരിസ്ഥിതി പരിപാടി’ (UNEP) യുടെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

‘ഒരേയൊരു ഭൂമി’ എന്ന പ്രമേയവുമായി ആദ്യ പരിസ്ഥിതിദിനം 1974ല്‍ ആചരിക്കപ്പെട്ടു. ഭൂമിയുടെ ആരോഗ്യവും മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് ഓരോ വര്‍ഷവും പ്രമേയമായി യു.എന്‍.ഇ.പി. പ്രഖ്യാപിക്കാറുള്ളത്. ജലദൗര്‍ലഭ്യവും നഗരവത്ക്കരണവും ഹരിതവത്ക്കരണവും ഓസോണ്‍ ശോഷണവും മരുഭൂവത്ക്കരണവുമെല്ലാം ഓരോ വര്‍ഷവും പരിസ്ഥിതിദിന സന്ദേശങ്ങളായിട്ടുണ്ട്. ഈ വര്‍ഷത്തെ സന്ദേശം ‘ഹരിത സമ്പദ് വ്യവസ്ഥ, അതില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ’ എന്നതാണ്. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയുമായി എന്ത് ബന്ധമെന്ന് നിങ്ങള്‍ നെറ്റി ചുളിക്കുന്നുണ്ടാകും. ആധുനിക മനുഷ്യ ജീവിതവും വികസനവും സമ്പദ് വ്യവസ്ഥയും അങ്ങനെ സംസ്‌കാരം തന്നെയും പരിസ്ഥിതിക്ക് ഇണങ്ങുംവിധം പരിഷ്‌കരിക്കാതെ മനുഷ്യകുലത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ സ്ഥിതിക്ക് സമ്പദ് വ്യവസ്ഥയുടെ ഹരിതവല്‍ക്കരണം പാരിസ്ഥിതിക നിലനില്‍പ്പിന്റെ അടിസ്ഥാന ആവശ്യമാണ്.

എന്താണ് ഹരിത സമ്പദ് വ്യവസ്ഥ? നിലവിലുള്ള സമ്പദ് വ്യവസ്ഥയില്‍ 2007 ല്‍ തുടങ്ങിയ ആഗോള മാന്ദ്യം ഇന്നും തുടരുന്നു. ഇതുവരെ തുടര്‍ന്നതും ഇപ്പോള്‍ തുടരുന്നതുമായ സാമ്പത്തിക നയം അപ്പടി തുടരാന്‍ ആകില്ലെന്നാണ് ഇതില്‍ നിന്നുള്ള ഏറ്റവും പ്രധാന പാഠം. ഇതിലും ദീര്‍ഘകാലം വ്യാപാരം ചെയ്യുന്നതിനും നിലവിലുള്ളതിനു ബദലായും ഉള്ള പുതിയ നിര്‍ദ്ദേശമാണ് ഹരിത സമ്പദ് വ്യവസ്ഥ. പാരിസ്ഥിതിക അപകടസാധ്യതയും ജൈവ ക്ഷാമവും ഗണ്യമായി കുറയ്കുന്നതും മനുഷ്യാഭിവൃദ്ധി സാമൂഹിക തുല്യത എന്നിവ ഉറപ്പുവരുത്തുന്നതുമായ സമ്പദ് വ്യവസ്ഥയാണ് ഹരിത സമ്പദ് വ്യവസ്ഥ.

ഓരോ മനുഷ്യരുടെയും അനുദിനമുള്ള ഇടപെടല്‍ മൂലം ഉണ്ടാവുന്ന കാര്‍ബണ്‍ ഉദ്വമനം ആഗോള താപനത്തിന് ആക്കം കൂട്ടുന്ന ഈ കാലത്ത്, ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്ന സമ്പദ് വ്യവസ്ഥയാവണം നമുക്ക് വേണ്ടത്. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഹരിത വിരുദ്ധ വ്യവസായങ്ങളെ തള്ളിപ്പറയുന്നതും ആവണം നമ്മുടെ സമ്പദ്‌നയം എന്ന് ഐക്യരാഷ്ട്ര സഭയുടെ ഹരിത സമ്പദ് വ്യവസ്ഥാ നയം ആഹ്വാനം ചെയ്യുന്നു.

ഉപഭോഗം കൂടുന്ന ജീവിതശൈലിയില്‍ ഓരോ വസ്തുവിന്റെയും പരമാവധി ഉപയോഗമൂല്യം ഉറപ്പാക്കാന്‍ കഴിയണം. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളെ റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്ന നല്ല പ്രാദേശിക ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടല്ലോ. പ്രായോഗികമായി പറഞ്ഞാല്‍, പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും നാശം സംഭവിക്കാതെ, ഊര്‍ജ്ജവും വിഭവങ്ങളും ഒട്ടും പാഴാക്കി കളയാതെ, മലിനീകരണവും കാര്‍ബണ്‍ ഉദ്വമനവും പരമാവധി കുറച്ചുകൊണ്ട്, സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമൂഹത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഹരിത സമ്പദ് വ്യവസ്ഥ.

കൃഷി, വ്യവസായം, ടൂറിസം, മത്സ്യ ബന്ധനം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന നയങ്ങള്‍ നാം പരിസ്ഥിതി കാഴ്ചപ്പാട്  ഉള്‍ക്കൊണ്ടുകൊണ്ട് പുനഃപരിശോധിക്കണം. അതില്‍ പ്രധാനം വിഭവങ്ങളുടെ ഉപയോഗമാണ്. ഓരോ ലിറ്റര്‍ ഇന്ധനവും കത്തുമ്പോള്‍ പുറത്തു വരുന്ന കാര്‍ബണ്‍ ഭൂമിയെ ഒന്നാകെ നശിപ്പിക്കുന്നതില്‍ അതിന്റേതായ പങ്കു വഹിക്കുന്നുണ്ട്. അതായത് ഓരോ മനുഷ്യര്‍ക്കും പരിസ്ഥിതി നാശത്തില്‍ അവരവരുടെതായ പങ്കുണ്ടെന്നര്‍ഥം. വ്യക്തി ജീവിതത്തില്‍ തന്നെ നാം ഇതിനുള്ള മാറ്റം വരുത്തി തുടങ്ങുകയാണ് ആഗോളതാപനത്തെ നേരിടാനുള്ള ഉത്തമമായ പോംവഴി.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ബസ് ട്രെയിന്‍ പോലുള്ള കാര്‍ബണ്‍ കുറഞ്ഞ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും വേണം. അമേരിക്കയിലെ 126 ഹൈവേകളില്‍ 27 മെട്രോ നഗരങ്ങളില്‍ തിരക്ക് സമയം പോകുന്ന കാറുകളില്‍ രണ്ടു പേര്‍ എങ്കിലും ഉണ്ടാവണം എന്ന് നിയമമുണ്ട്. അങ്ങനെ ഇല്ലെങ്കില്‍ അഞ്ഞൂറ് ഡോളറോളം പിഴ നല്‍കണം എന്നാണു കാലിഫോര്‍ണിയ സംസ്ഥാനത്തെ നിയമം. പെട്രോളിയം ഉപഭോഗത്തിന് മനുഷ്യരാശി നല്‍കേണ്ടി വരുന്ന വിലയാണ് ഇന്ധനം ദുരുപയോഗിക്കുന്നവരില്‍ നിന്നും അവര്‍ ഈടാക്കുന്നത്. എന്നിട്ടും ഭൂമിയിലെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്നതും അമേരിക്കയാണ്.

അതിനാല്‍ ‘റോഡില്‍ കൂടുതല്‍ കാറുകള്‍ അല്ല, കൂടുതല്‍ ആളുകള്‍’ എന്ന് തിരുത്തേണ്ടി വന്നു അവരുടെ ഗതാഗത നയം. അതുപോലെ സൈക്കിള്‍ പോലുള്ള ഹരിത സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കണം. പല വിദേശ രാജ്യങ്ങളിലും സര്‍വ്വകലാശാലകളിലും ഉന്നതരായ വ്യക്തികള്‍ ഓഫീസിലെത്തുന്നത് സൈക്കിളില്‍ ആണെന്നുള്ളത് നാം മാതൃകയാക്കേണ്ടതാണ്. അതിനനുസരിച്ച ഗതാഗത നയം നാം രൂപപ്പെടുത്തണം. പൊതുജനങ്ങളെ അതിനു അവബോധമുള്ളവര്‍ ആക്കണം.

കൃഷിയില്‍ പരിസ്ഥിതി സൗഹൃദമായ വഴികളാണ് നാം അന്വേഷിക്കുന്നത്. ഒരുകാലത്ത് രാസവളത്തിനും രാസകീടനാശിനിക്കും പിറകേപോയ  നാം പിന്നീട് അതുണ്ടാക്കിയ അപകടം തിരിച്ചറിഞ്ഞു. ഇന്ന് ഭക്ഷ്യ സുരക്ഷ പോലെ തന്നെ പ്രധാനമാണ് സുരക്ഷിത ഭക്ഷണവും. നാം ഉണ്ടാക്കുന്ന ഭക്ഷണം വിഷമയമല്ല എന്നുറപ്പ് വരുത്തേണ്ടത് പരിസ്ഥിതിയുടെയും മനുഷ്യന്റെയും നിലനില്‍പ്പിനു അത്യാവശ്യമാണ്. ലോകമെങ്ങും ജൈവകൃഷിയുടെ പാതയിലാണ്.

എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക രാസവിഷങ്ങള്‍ നിരോധിക്കാന്‍ കേരളത്തില്‍ എമ്പാടും ഒപ്പുസമരം സംഘടിപ്പിച്ചതും ആഗോളതലത്തില്‍ വിവിധ സംഘടനകള്‍ സമരം നടത്തിയതും കഴിഞ്ഞ വര്‍ഷം സ്‌റോക്ക്‌ഹോം സമ്മേളനത്തില്‍ ആഗോള നിരോധനം സംബന്ധിച്ച തീരുമാനം എടുത്തതും ശുഭസൂചകമാണ്. രാഷ്ട്രീയഭേദമന്യേ പിന്തുണച്ച ജൈവകൃഷി നയം പിന്തുടരുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നത് ലോകത്തിനു മുന്‍പില്‍ നമുക്ക് അഭിമാനാര്‍ഹമാണ്. എന്നാല്‍ ആ നയം കടലാസില്‍ മാത്രമാണ്. ഇന്നും കീടനാശിനികള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്.

സമ്പൂര്‍ണ്ണ ജൈവകൃഷി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ സര്‍ക്കാരും ജനങ്ങളും  കൂടുതല്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. ലോകമെങ്ങും നിരോധിച്ച 53 ഇനം മാരക കീടനാശിനികള്‍ ഇന്ത്യയില്‍ ഇന്നും ഉപയോഗത്തിലുണ്ട്. ബദലുകള്‍ കണ്ടെത്തി ക്രമേണ അവകൂടി നിരോധിക്കണം എന്നതാവണം നമ്മുടെ കാര്‍ഷിക നയം. ജൈവകീടനാശിനികളും ജൈവ രീതികളും ഉപയോഗിച്ച് സുരക്ഷിത-സുസ്ഥിര കൃഷി നടപ്പാക്കുക എന്നതാണ് ലോകമെങ്ങും മനുഷ്യന്‍ നേരിടുന്ന പുതിയ വെല്ലുവിളി.

മലയാളിയുടെ മുഖ്യാഹാരം അരിയാണ്. എന്നാല്‍ നെല്‍വയലുകള്‍ പാടേ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. വികസനത്തിന്റെയും മറ്റും പേരില്‍ വന്‍ തോതില്‍ നെല്‍വയലുകള്‍ നികത്തപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയെയും കുടിവെള്ള സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. വയല്‍ നികത്താന്‍ വന്‍ തോതില്‍ കുന്നുകള്‍ ഇടിക്കുന്നതും പാരിസ്ഥിതിക നാശം കൂട്ടുന്നു. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വനങ്ങള്‍ പോലെ പ്രകൃതിയിലെ മറ്റൊരു ആവാസ വ്യവസ്ഥയാണ്. അവയുടെ സംരക്ഷണം നിയമം മൂലം ഉറപ്പു വരുത്തി ലോകത്തിനു മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍ ആ നിയമം നടപ്പാക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്.

മഴക്കാലത്ത് വെള്ളം ഭൂമിയില്‍ ആഴ്ത്തി ജലവിതാനം ഉയര്‍ത്തുന്നതടക്കം തരിശു കിടക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ ചെയ്യുന്ന പാരിസ്ഥിതിക സേവന മൂല്യം വളരെ വലുതാണ്. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം പ്രതിവര്‍ഷം ഒരു കോടി രൂപയില്‍പ്പരം രൂപയുടെ സേവനം ചെയ്യുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ആകെ നല്‍കുന്ന സേവനം പ്രതിവര്‍ഷം 128808 കോടി രൂപയുടെ ആണെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി വിഭാഗം പഠനം പറയുമ്പോള്‍ നാം ഞെട്ടും. കാരണം നമ്മുടെ വാര്‍ഷിക ബജറ്റിന്റെ ഇരട്ടിയാണത്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്ന് പറയുമ്പോലെ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നശിച്ചാലേ നാമതിന്റെ വില തിരിച്ചറിയൂ. ഇത് ഭാവിയുടെ ഭക്ഷണത്തിന്റെ പ്രശ്‌നമാണ്, അതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും വിദ്യാര്‍ഥികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഇവയുടെ സംരക്ഷണം ഉറപ്പാക്കുകയും വേണം.

തെറ്റായ വ്യവസായ നയം ആണ് പിന്തുടരുന്നതെങ്കില്‍ ഭൂമിയെ മുഴുവന്‍ നശിപ്പിക്കാന്‍ മനുഷ്യര്‍ക്ക് അധികം സമയം വേണ്ടിവരില്ല. നാല്പ്പതുലക്ഷം വര്‍ഷം മനുഷ്യന്‍ സുസ്ഥിരമായി കഴിഞ്ഞ ഭൂമിയുടെ പകുതിയിലേറെ ഭാഗം ആധുനിക മനുഷ്യന്‍ നശിപ്പിച്ചത് കേവലം ആയിരം വര്‍ഷത്തെ തെറ്റായ വ്യാവസായിക ഇടപെടല്‍ കൊണ്ടാണ്. വന്‍ ഖനികളും വന്‍തോതില്‍ മാലിന്യം പുറന്തള്ളുന്ന  വ്യവസായങ്ങളും ഭൂമിയെ മലിനമാക്കി. എന്നാല്‍ മുന്‍പുണ്ടായ കാഴ്ചപ്പാടുകള്‍ മാറി. വ്യവസായ മേഖലയിലും നമ്മുടെ നയം മാറേണ്ടിയിരിക്കുന്നു.

രാസവസ്തുക്കള്‍ ഉത്പാദിപ്പിച്ചു ബാക്കി മാലിന്യം പെരിയാറില്‍ നിക്ഷേപിച്ചു ആ പുഴയെ കൊല്ലുന്ന ഒട്ടനേകം വ്യവസായങ്ങള്‍ ആലുവയിലുണ്ട്. കൊച്ചിക്കാരുടെ കുടിവെള്ളം ആണ് ഇതുവഴി മലിനമാവുന്നത്. കാതിക്കുടത്തും പ്ലാച്ചിമടയിലും മാലിന്യത്തിന്റെ കെടുത്തി നാം അനുഭവിച്ചതാണ്. അത്തരം വ്യവസായങ്ങള്‍ നമുക്ക് ഇനി വേണ്ട. കേരളം പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. അപൂര്‍വ്വമായ ജൈവവൈവിധ്യം വിലമതിക്കാനാവാത്തതാണ്. അവ സംരക്ഷിച്ചുകൊണ്ടുള്ള വികസനമേ നിലനില്‍ക്കൂ എന്ന സത്യം സമൂഹം തിരിച്ചറിയുന്നുണ്ട്.

മാവൂരില്‍ പൂട്ടിപ്പോയ ഗ്വാളിയോര്‍ റയോണ്‍സിനു പകരം പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമം. പരിസ്ഥിതി സൌഹൃദ വ്യവസായങ്ങള്‍ മാത്രമേ സംസ്ഥാനത്ത് ഇനി കൊണ്ടുവരൂ എന്ന വ്യവസായവകുപ്പ് മന്ത്രിയുടെ പ്രസ്താവന മാതൃകാപരമായ നീക്കമാണ്. ഹരിത സമ്പദ് വ്യവസ്ഥയ്ക്ക് ഉതകുന്ന വ്യവസായ സംരംഭങ്ങള്‍ ആവണം കേരളത്തില്‍ വരേണ്ടത്. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, ഐ.ടി പാര്‍ക്കുകള്‍, ഹോം ടൂറിസം, ആധുനിക ആയുര്‍വേദ ചികിത്സാലയങ്ങള്‍,  തുടങ്ങി ഒട്ടനേകം സാധ്യതകള്‍ ഇവിടുണ്ട്. എമര്‍ജിംഗ് കേരള എന്ന സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ സംരംഭക പരിപാടിയില്‍ പരിസ്ഥിതി സൗഹൃദ വികസനത്തിനാകട്ടെ അനുമതി.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ജനകീയ പ്രശ്‌നമാണ്. വിളപ്പില്‍ശാല, ബ്രഹ്മപുരം തുടങ്ങി എല്ലായിടത്തും നാമത് കാണുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നത് ആഗോളതാപനം വര്‍ധിപ്പിക്കും. അതിനാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, റീ സൈക്കിള്‍ ചെയ്യാനാകാത്ത ക്യാരി ബാഗുകള്‍ നിരോധിച്ചത് കര്‍ശനമായി നടപ്പാക്കുക, എന്നിവ മാത്രമാണ് പോംവഴി. ജൈവമാലിന്യം വീടുകളില്‍ത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടും സബ്‌സിഡി നല്‍കിയിട്ടും ജനങ്ങള്‍ അത് വേണ്ടത്ര വിജയിപ്പിക്കുന്നില്ല.

വീട് പണിയാന്‍ ലക്ഷങ്ങള്‍ ചെലവാക്കുമ്പോഴും മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്താന്‍ പതിനായിരം രൂപ ചെലവിട്ട് ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ പലരും ഒരുക്കമല്ല. മാലിന്യം നാടുനീളെ വലിച്ചെറിയുന്ന അക്ഷരാര്‍ഥത്തില്‍ വൃത്തികെട്ട സംസ്‌കാരം മലയാളിയുടെ മാനം കെടുത്തുന്ന ഒന്നാണ്. ഓരോ ദിവസവും വലിച്ചെറിയപ്പെടുന്ന മാലിന്യം നമ്മുടെ പരിസരത്തെ ദുര്‍ഗന്ധപൂരിതവും അനാരോഗ്യകരവും ആക്കുന്നു. കായലുകളും പുഴകളും അവയിലെ വിലമതിക്കാനാവാത്ത ജൈവസമ്പത്തും നശിക്കാന്‍ ഇത് കാരണമാകുന്നു.

കേരളത്തില്‍ നിയമം അനുസരിക്കാന്‍ വിസമ്മതിക്കുന്ന മലയാളി അന്യരാജ്യത്ത് പോയി ശുചിത്വം പാലിക്കുകയും നിയമം കര്‍ശനമായി അനുസരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. നിരവധി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ച ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് പല രാജ്യങ്ങളിലും ചെരുപ്പില്ലാതെ പൊതുനിരത്തില്‍ക്കൂടി നടന്നാല്‍പ്പോലും കാലില്‍ ചെളിയോ മാലിന്യമോ പറ്റില്ലെന്നാണ്. അവര്‍ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജന രീതികള്‍ അനുസരിക്കുന്ന ജനതയാണ് ഉള്ളത്. മറ്റെല്ലാ കാര്യത്തിലും യൂറോപ്പിനെയും അമേരിക്കയും അവരുടെ സംസ്‌കാരത്തെയും അനുകരിക്കാന്‍ മത്സരിക്കുന്ന യുവജനങ്ങള്‍ വിദേശിയുടെ ഈ നല്ല സംസ്‌കാരം മാത്രം കണ്ടില്ലെന്നു നടിക്കുന്നത് അപഹാസ്യമാണ്. നല്ലത് വേണം നാം അനുകരിക്കാന്‍. മാലിന്യം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മലയാളിയുടെ സംസ്‌കാരം മാറ്റാന്‍ നമുക്ക്, വിദ്യാര്‍ഥി സമൂഹത്തിനു മുന്‍കൈ എടുക്കാം.

കേരളത്തിലെ വനമേഖല അപൂര്‍വ്വവും വിലമതിക്കാനാവാത്തതും ആയ ജൈവ സമ്പത്താണ്. പശ്ചിമഘട്ട വനങ്ങള്‍ ലോകത്ത് സംരക്ഷിക്കപ്പെടേണ്ട അപൂര്‍വ്വം ജൈവവ്യൂഹത്തിനു ഉദാഹരണമാണ്. സൈലന്റ് വാലി സമരം മുതല്‍ മലയാളി ഈ പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ പഠിച്ചു വരുന്നു. കാടുകള്‍ മുക്കി ഇനി വന്‍ ഡാമുകള്‍ വേണ്ടെന്നു ഒരു മനസ്സാലെ പറയാന്‍ നമുക്ക് കഴിയണം. വൈദ്യുതി നിര്‍മ്മാണത്തിന് കാറ്റ്, സോളാര്‍ തുടങ്ങിയ ഹരിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. തൊട്ടയല്‍ സംസ്ഥാനമായ  തമിഴ്‌നാട് 4000 മെഗാവാട്ട് വൈദ്യുതിയാണ് കാറ്റില്‍ നിന്നും ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ എന്‍.ടി.പി.സി കേരളത്തില്‍ തുടങ്ങുന്ന 200 മെഗാവാട്ട് പദ്ധതിയും സോളാര്‍ പ്ലാന്റും കേരളത്തിന് അഭിമാനമാണ്. ഇത്തരം സുസ്ഥിര വികസനത്തിന്റെ പാതകള്‍ നാം വികസിപ്പിക്കണം.

ഊര്‍ജ്ജ ഉത്പാദനത്തിന് പരിസ്ഥിതി സുഹൃദമായ എല്ലാ സാങ്കേതികവിദ്യയും നാം ഉപയോഗിക്കണം. പതിനായിരം വീടുകളില്‍ സോളാര്‍ പാനലുകള്‍ തുടങ്ങുമെന്ന ബഹുമാനപ്പെട്ട വൈദ്യുതിമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹാമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സോളാര്‍ പാനലുകള്‍ വെച്ച് ലോകത്തിനു മാതൃകയാവണം. വൈദ്യുതി ഉണ്ടാക്കാന്‍ പലവഴികള്‍ ഉണ്ടെന്നിരിക്കെ ചെര്‍ണോബിലും ഫുക്കുഷിമയും കണ്ടിട്ടും മനുഷ്യന്‍ ആണവനിലയങ്ങള്‍ ഉണ്ടാക്കുന്നത് ആത്മഹത്യാപരമാണ്. ബദല്‍ ഊര്‍ജ്ജ നയങ്ങള്‍ക്കെ കല്‍ക്കരി താപനിലയങ്ങളും ആണവ നിലയങ്ങളും ഒഴിവാക്കാന്‍ കഴിയൂ.

ഇക്കോ ടൂറിസമെന്ന പേരില്‍ അനിയന്ത്രിത ടൂറിസം കാടുകളില്‍ അനുവദിക്കുന്നത് ലോകമെമ്പാടും വനങ്ങളെ നശിപ്പിക്കുന്നുണ്ട്. കേരളത്തിലും അതിന്റെ അലയൊലികള്‍ കാണുന്നുണ്ട്. ലോകപ്രശസ്തമായ പെരിയാര്‍ കടുവാ സങ്കേതത്തിനു അകത്ത് ഗവി എന്ന പ്രദേശത്ത് നടക്കുന്ന ടൂറിസം കടുവകളുടെ ആവാസ വ്യവസ്ഥയ്ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഗവിയിലേക്ക് അനിയന്ത്രിതമായി പ്രവഹിക്കുന്ന ടൂറിസ്റ്റുകള്‍ ആ കാടിന്റെ നാശത്തിനു കാരണമാവുകയാണ്.

കാടിന്റെ ഉള്ളില്‍ ടൂറിസം അനുവദിക്കുന്നത് എവിടെയായാലും ക്രമേണ ആ കാടിന്റെ നാശത്തിനു കാരണമാവുന്നു. പറമ്പിക്കുളം കടുവാ സങ്കേതത്തിനു അടുത്തുള്ള നെല്ലിയാമ്പതിയിലെ സംരക്ഷിത വനങ്ങളില്‍ ടൂറിസം അനുവദിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആശങ്കയോടെയാണ് കാണുന്നത്. വന്യമൃഗങ്ങളുടെയും വനത്തിന്റെ തന്നെയും ആവാസ വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയാണ് ഇതുണ്ടാക്കുക. കാടിനുള്ളില്‍ ടൂറിസം നിയന്ത്രിക്കുകയും കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഏക പോംവഴി. കാട്ടിനുള്ളില്‍ വരുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കും വനത്തിനു കടുത്ത ഭീഷണി ഉയര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ വലിയ അളവില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയും.

ആഗോളതാപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നമുക്ക് പ്രവചിക്കാന്‍ ആവാത്തതാണ്. മനുഷ്യന്‍ നേടിയ സര്‍വ്വ നേട്ടങ്ങളും നശിപ്പിക്കാന്‍ പ്രകൃതിക്ക് അധികസമയം വേണ്ടെന്നു സുനാമിയിലോടെ നാം തിരിച്ചറിഞ്ഞു. എന്നാല്‍ പ്രകൃതിയെ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാനുമാകില്ല. ബുദ്ധിയുള്ള മനുഷ്യന്‍ ഈ ചൂഷണത്തെ ബുദ്ധിപൂര്‍വ്വം നടപ്പാക്കുകയാണ് വേണ്ടത്. ഭൂമിയും ജീവനും ജൈവസമൂഹങ്ങളും വിഭവങ്ങളും വരും തലമുറകള്‍ക്ക് കൂടി നിലനില്‍ക്കും വിധമാവണം മനുഷ്യന്റെ ഇടപെടല്‍. പ്രകൃതിയുമായി പരമാവധി ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രാഥമിക പരിസ്ഥിതി പാഠം. അടിസ്ഥാന പരിസ്ഥിതി പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും പരസ്പരം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. ഭൂമിയുടെ പനി കുറയ്ക്കുന്ന മരുന്നാണ് മരങ്ങള്‍. പരമാവധി മരങ്ങള്‍ വെച്ച് പിടിപ്പിച്ചും ഈ ആശയങ്ങള്‍ പ്രചരിപ്പിച്ചും നമുക്ക് ഇത്തവണത്തെ പരിസ്ഥിതി ദിനം ആചരിക്കാം. നമ്മുടെ സര്‍ക്കാര്‍ നയങ്ങള്‍ ഹരിത സമ്പദ് വ്യവസ്ഥയ്ക്ക് എത്രമാത്രം അനുകൂലമാണെന്ന് നാം വിലയിരുത്തണം, അതിനാവശ്യമായ നയം മാറ്റത്തിന് സര്‍ക്കാരുകളോട് ആവശ്യപ്പെടണം.  ഒരു ഹരിത സമ്പദ് വ്യവസ്ഥയ്ക്കായി നമുക്ക് കൈകോര്‍ക്കാം.

Advertisement