എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ ശേഷിക്കുന്ന പച്ചപ്പെങ്കിലും കത്തിയമരാതിരിക്കാന്‍ പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടത്
എഡിറ്റര്‍
Thursday 2nd March 2017 3:33pm

വേനല്‍ മൂത്ത് വരുമ്പോഴും വയനാടന്‍ കാടുകള്‍ ചരിത്രത്തിലൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഗുരുതരമായ പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് പതിക്കുകയാണ്. വനം വകുപ്പോ സംസ്ഥാന സര്‍ക്കാരോ ഇത് ഗൗരവമായി പരിഗണിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാവുന്നുമില്ല.
കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ നല്ല ചോരപ്പറ്റുള്ള, പിങ്ക് നിറമുള്ള ആനപ്പിണ്ടം വ്യാപകമായി കാണാം. ഇതൊരു പുതിയ കാര്യമല്ല. എല്ലാ വേനലിലും പുല്ലും പച്ചിലകളും ലഭിക്കാതെ വരുമ്പോള്‍ ആനകള്‍ മരത്തോല് നന്നായി ഭക്ഷിക്കാന്‍ തുടങ്ങും. ചടച്ചി, തേക്ക് എന്നിവയുടെ തോലാണ് പൊളിച്ചെടുത്ത് തിന്നുക.

ഇത് കിട്ടാതെ വരുമ്പോള്‍ മറ്റ് മരത്തിന്റെ തോലുകളും തിന്നു തുടങ്ങും. ചടച്ചിയുടെ തോല്‍ ധാരാളമായി ഭക്ഷിക്കുന്നത് കൊണ്ടാണ് ആനപ്പിണ്ടം ചുവന്നിരിക്കുന്നത്. ആനകളുടെ ഭക്ഷണശീലത്തിന് ചില സവിശേഷതകളുണ്ട്. ഏറ്റവും പ്രിയപ്പെട്ട ആഹാരം പുല്ലിനങ്ങളാണ്. എല്ലാ പുല്ലിനങ്ങളും ഭക്ഷിക്കില്ല. തിരഞ്ഞെടുത്താണ് കഴിക്കുക.

ഏതെല്ലാം ഇനത്തില്‍ പെട്ട പുല്ലിനങ്ങളാണോ ഭക്ഷണമാക്കുന്നത്; അതിനെ തുടര്‍ന്ന് നിര്‍ബന്ധമായും ഭക്ഷിക്കുന്ന ചില പച്ചിലകളുമുണ്ടാകും. ഇവ തമ്മിലൊക്കെ ചില പരസ്പര ബന്ധങ്ങളുണ്ട്. വിഷം, ചൊരുക്ക്, ദാഹം, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെയുള്ള ഭക്ഷണം അകത്ത് ചെല്ലുമ്പോള്‍ മറുമരുന്നായി ചില ഇലകളും പുല്ലുകളുമൊക്കെ തിരഞ്ഞെടുത്ത് ഭക്ഷണമാക്കും.

മുളയില, മുളന്തണ്ട് എന്നിവയ്‌ക്കൊക്കെ ഇതില്‍ വലിയ പ്രധാന്യമുണ്ട്. സാധാരണയായി ശരീരത്തില്‍ കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോത് നിലനിര്‍ത്തുന്നതിനാണ് മരത്തോലുകള്‍ തിരഞ്ഞെടുത്ത് ഭക്ഷിക്കുന്നത്. ഇപ്പോഴാകട്ടെ കാട്ടില്‍ മറ്റു ഭക്ഷണങ്ങളൊന്നും ലഭിക്കാതെ വരുമ്പോള്‍, ജീവന്‍ നിലനിര്‍ത്താന്‍ മരത്തോലുകളെ ആശ്രയിക്കുകയല്ലാതെ ഈ സാധുജീവികള്‍ക്ക് മറ്റു വഴിയില്ലാതാവുന്നു.

വയനാടന്‍ മേഖലയില്‍ ആദ്യം വരള്‍ച്ച വിരുന്നെത്തുക പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചെരുവിലെ മഴനിഴല്‍ പ്രദേശങ്ങളിലാണ്. ഇവ മിക്കവാറും കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനമേഖലയാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാവുമ്പോഴേക്കും ഇവിടങ്ങളിലെ കാട് വരണ്ടുണങ്ങും.

മിക്കവാറും ഇലപൊഴിയും കാടുകളായ (Deciduosu Forest) ഇവിടെ പച്ചപ്പ് പൂര്‍ണമായും ഇല്ലാതാവും. നീര്‍ച്ചോലകള്‍ ഒന്നടങ്കം വരണ്ടുണങ്ങും. അപ്പോള്‍ ഈ മേഖലയില്‍ നിന്ന് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചരിവിലെ കേരള വനങ്ങളിലേക്ക് കുടിയേറും(Migration).


ഈ മാസങ്ങളില്‍ വയനാട്ടില്‍ വലിയ തോതില്‍ വരള്‍ച്ച ബാധിച്ചിട്ടുണ്ടാകില്ല. നീര്‍ച്ചോലകളിലൊക്കെ സ്വല്‍പ്പം വെള്ളം അവശേഷിക്കും. ഇടയ്ക്കിടയ്ക്ക് ലഭിക്കുന്ന വേനല്‍ മഴയില്‍ പുല്ലുകള്‍ കുറച്ചൊക്കെ കിളിര്‍ത്തിരിക്കും. ഈ ആവസ്ഥയില്‍ വന്യജീവികള്‍ക്ക് പൊതുവെ അതിജീവിക്കാന്‍ കഴിയും.

ഏപ്രില്‍ അവസാനവും മേയ് ആദ്യവുമൊക്കെ ആവുമ്പോഴാണ് വയനാടന്‍ കാടുകള്‍ നന്നായി വരണ്ടുണങ്ങുക. അപ്പോഴേക്കും വേനല്‍ മഴ ശക്തമാവും. കാലവര്‍ഷത്തിന്റെ കേളികൊട്ട് ഉയരും. അപ്പോള്‍ ദേശാന്തരഗമനം നടത്തിയെത്തിയ വന്യമൃഗങ്ങള്‍ കര്‍ണാടക-തമിഴ്‌നാട് വനമേഖലയിലെ സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചുപോവും.

ഇത്തവണ വരള്‍ച്ച വളരെ നേരത്തെ എത്തിയതോടെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തന്നെ പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മേഖല വരണ്ടുണങ്ങി. വന്യമൃഗങ്ങള്‍ നേരത്തെ തന്നെ കിഴക്കന്‍ ചരുവുകളിലേക്ക് പലായനം ആരംഭിച്ചു. ഇവിടെയാകട്ടെ തുലാവര്‍ഷവും തുടര്‍ന്നുള്ള വേനല്‍ മഴയും വന്‍ തോതില്‍ കുറഞ്ഞത് കാരണം. ജനുവരി ഫെബ്രുവരി മാസങ്ങളോടെ തന്നെ ഇവിടെയും കടുത്ത വരള്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. പുല്ലും പച്ചിലകളുമൊക്കെ പൂര്‍ണമായും ഇല്ലാതായി.

ജലസ്രോതസുകളൊക്കെ വരണ്ടുണങ്ങി. ഭക്ഷണത്തിന് മരത്തോലുകളെ ആശ്രയിക്കുക മാത്രമേ ഗതിയുള്ളു എന്ന നിലയിലാണ് വയനാടന്‍ കാടുകളിലെ ആനകള്‍. ഇങ്ങനെ ചടച്ചിത്തോല്‍ മാത്രം ആഹാരമായിത്തീരുന്നത് കൊണ്ടാണ് ആനപ്പിണ്ടം ചുവന്നിരിക്കുന്നത്. ഈ അവസ്ഥയില്‍ ദീര്‍ഘകാലം വന്യമൃഗങ്ങള്‍ക്ക് ജീവിക്കാനാവില്ല.

ആനകളെ മാത്രമേ ലേഖകന്‍ നിരീക്ഷിച്ചിട്ടുള്ളൂ എങ്കിലും മറ്റെല്ലാ മൃഗങ്ങള്‍ക്കുമിത് ബാധകമാണ്. വേനല്‍ മഴ ശക്തിപ്പെടുകയും പുല്ല് കിളിര്‍ക്കുകയും നീര്‍ച്ചോലകള്‍ സജീവമാവുകയും ചെയ്യുന്നില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക തകര്‍ച്ചയാണ് വയനാടന്‍ കാടുകളില്‍ സംഭവിക്കുക. ആഹാരത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയില്‍ വന്ന കുറവ് ഇവയുടെ ശരീര ഘടന, ആന്തരിക അവയവങ്ങള്‍ എന്നിവയെ ഗുരുതരമായി ബാധിക്കും.

നിര്‍ജലീകരണം പോഷകാഹാരക്കുറവ് എന്നിവ നിമിത്തം ഇവ കൂട്ടത്തോടെ രോഗ ബാധിതരാവും. മൃഗങ്ങളുടെ മരണ നിരക്കും കൂടാനിടയുണ്ട്. ജൂണില്‍ കാലവര്‍ഷം ആരംഭിക്കുന്നത് വരെ ഇന്നത്തെ നിലയില്‍ അതിജീവിക്കാന്‍ ഇവയ്ക്കാവില്ല. വയനാടന്‍ കാടുകളുടെ പ്രധാന സവിശേഷതകളിലൊന്ന് കാടും നാടും ഇടകലര്‍ന്ന ജനവാസ കേന്ദ്രങ്ങളാണ് എന്നതാണ്.

അവിടെയൊക്കെ കൃഷിയും വെള്ളവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ മനുഷ്യര്‍ സ്വീകരിക്കുന്നുണ്ട്. സ്വാഭാവികമായും ഭക്ഷണവും വെള്ളവും തേടി മൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാവും. ഇപ്പോള്‍ തന്നെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാകാനാണ് ഇത് ഇടയാക്കുക.

വരണ്ടുണങ്ങിത്തുടങ്ങിയ ഇലപൊഴിയും കാടുകളില്‍ വൃക്ഷത്തോലുകള്‍ ആഹാരത്തിനായി മൃഗങ്ങള്‍ പൊളിച്ചെടുക്കുന്നത് കാടുകള്‍ പെട്ടെന്ന് ഉണങ്ങാന്‍ കാരണമാവും. വേനല്‍ മഴയുടെ അഭാവത്തില്‍ ഇവ പിന്നീട് തളിര്‍ക്കാനുള്ള സാധ്യത കുറയും.

കാടുകളുടെ വലിയ നാശത്തിന് ഇത് കാരണമാവും. ബന്ദിപ്പൂര്‍ മേഖലയിലും ചെമ്പ്ര മലയിലുമൊക്കെ ഇപ്പോള്‍ തന്നെ കാട്ടുതീ ശക്തമാണ്. ഈ ഒരു ഭീഷണി ഇനിയുള്ള മാസങ്ങളില്‍ ശക്തിപ്പെടുകയാണ് ചെയ്യുക. കാട്ടുതീ മൃഗങ്ങളെയും മരങ്ങളെയും സൂക്ഷ്മ ജീവികളെയും പക്ഷികളെയുമൊക്കെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമല്ല അവശേഷിക്കുന്നവയെ നാട്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

മറ്റൊരു പ്രധാന അപകട സാധ്യത ചെറു ജീവികള്‍ സൂക്ഷ്മ ജീവികള്‍ എന്നിവയുടെ സര്‍വ നാശമാണ്. വരള്‍ച്ചയുടെ മാസങ്ങളില്‍ ചെറുജീവികളില്‍ പലതും നിദ്രാവസ്ഥയില്‍ (Dormant) പ്രവേശിച്ചാണ് വരള്‍ച്ചയെ അതിജീവിക്കുക. നന്നായി ഒരു വെയില്‍ അടിച്ചാല്‍ തന്നെ അട്ടകളും അതുപോലുള്ള ജീവികളും നിര്‍ജീവങ്ങളായ പൊടിത്തുണ്ടുകള്‍ പോലെ മണ്ണില്‍ കലര്‍ന്നിരിക്കും.

വറ്റിപ്പോവുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളും തവളകളും മണ്ണിനടിയിലെ ചളിയിലേക്ക് പോയി അവിടെ ശിശിര നിദ്രയില്‍ കഴിയും. ആ സമയത്ത് അവയെ കണ്ടാല്‍ ജീവനുള്ള വസ്തുവാണെന്ന് പോലും തിരിച്ചറിയാനാവില്ല. എന്നാല്‍ ദീര്‍ഘകാലം. ഇവയ്‌ക്കൊന്നും ഈ അവസ്ഥയില്‍ കഴിയാനാവില്ല. നിശ്ചിത സമയത്തിനകം മഴ ലഭിച്ച് ഈര്‍പ്പം തട്ടി അവ നിദ്രയില്‍ നിന്നുണരുന്നില്ലെങ്കില്‍ അവ എന്നന്നേക്കുമായി നശിച്ചു പോവും.

പതിവിലും നേരത്തെ വരള്‍ച്ചയെത്തിയ ഈ വര്‍ഷം ഇത്തരം ജീവികളൊക്കെ നേരത്തേ തന്നെ ശിശിര നിദ്രയില്‍ പ്രവേശിച്ചു കഴിഞ്ഞതാണ്. വേനല്‍മഴയും കാലവര്‍ഷവും വൈകിയാല്‍ ഇവയൊക്കെ നശിച്ചു പോവാനാണ് സാധ്യത. ചൂട് കൂടുന്നതിന് അനുസരിച്ച് നശിച്ചു പോവുന്ന സൂക്ഷ്മ ജീവികളുണ്ട്. ഇതുകാടിന്റെ ജൈവ ഘടനയെ പ്രതികൂലമായി ബാധിച്ചേക്കാം.

എന്നാല്‍ അന്തരീക്ഷത്തിലെ ജലാംശവും (Humidity) ചൂടും ഒന്നിച്ച് വര്‍ദ്ധിക്കുമ്പോള്‍ രോഗകാരികളായ ചില പ്രത്യേക ഇനം വൈറസുകള്‍ പെരുകാനിടയാകും. ഇത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമായേക്കാം. കാട്ടില്‍ ഇപ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്.

ഏറെക്കുറെ നിയന്ത്രണ വിധേയമായിരുന്ന കുരങ്ങുപനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച കുരങ്ങുകളുടെ ശവശരീരങ്ങള്‍ കാട്ടില്‍ ചിലയിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാനിടയുള്ള വരള്‍ച്ച വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ഒരു പോലെ രോഗകാരണമാവും. ആനകള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ കാട്ടില്‍ മരണപ്പെടുന്നതിന്റെ തോത് ഇപ്പോള്‍ തന്നെ കൂടിയിട്ടുണ്ടെന്നാണ് ആദിവാസികള്‍ പറയുന്നത്.


Must Read: ഞാന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ അഭിഷേകും ശ്വേതയും തുല്യമായി പങ്കിടണം; ജന്റര്‍ ഈക്വാലിറ്റിക്ക് വേണ്ടി അമിതാഭ് ബച്ചന്റെ ട്വീറ്റ്


ദൂരവ്യാപകമായ പാരിസ്ഥിതിക തകര്‍ച്ചക്ക് ഇടയാക്കിയേക്കാവുന്ന ഇത്തരം അവസ്ഥയെ നേരിടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സവിശേഷമായ എന്തേങ്കിലും നടപടികള്‍ ആരംഭിച്ചതായി അറിവൊന്നുമില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പതിവ് നടപടികള്‍ കാണാതിരിക്കുന്നില്ല. കാട്ടുതീ തടയാന്‍ ഫയര്‍ ലൈന്‍ എടുക്കലും സഞ്ചാരികളെ വിലക്കലുമൊക്കെ നല്ലത് തന്നെ. പക്ഷേ അത്തരം നടപടികള്‍ കൊണ്ട് മാത്രം ഇത്തവണത്തെ പാരിസ്ഥിതിക തകര്‍ച്ചയെ മറികടക്കാനാവില്ല.

അതിന് അത്യാവശ്യം വേണ്ടത് ജനങ്ങളെ ബോധവത്കരിക്കുകയും അവരെക്കൂടി വനസംരക്ഷണത്തിന് രംഗത്തിറക്കുകയുമാണ്. മാധവ് ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജനങ്ങളെ ഇളക്കി വിടാന്‍ മത്സരിച്ചവരാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍.

കാട് തന്നെ ഒരു അനാവശ്യ വസ്തുവായി കരുതുന്നതിലേക്കും അത് തീയിട്ട് നശിപ്പിക്കുന്നതിലേക്കുമൊക്കെ കാര്യങ്ങളെത്തിയതാണ്. ഇത്തവണത്തെ അതി രൂക്ഷമായ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ജനങ്ങളുടെ മനോഭാവത്തില്‍ ചെറിയ മാറ്റത്തിന് കാരണമായിട്ടുണ്ട്. വനം, റിസോര്‍ട്ട്, നിര്‍മാണ മാഫിയകളൊക്കെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ജനങ്ങളെ ഒരു പരിചയായി ഉപയോഗിക്കുകയാണ് എന്ന യാഥാര്‍ഥ്യം അവരെ പഠിപ്പിക്കാനാവണം.

കാടും നാടും ഇടകലര്‍ന്ന വയനാടന്‍ മേഖലയിലാകെ മറ്റു ജീവജാലങ്ങളുമായി സമാധാനപരമായി സഹവര്‍ത്തിച്ചേ തങ്ങള്‍ക്കും ജീവിക്കാനാവൂ എന്ന പാഠം അവരെ പഠിപ്പിക്കേണ്ടതുണ്ട്. കടുവാ സങ്കേതമായി പ്രഖ്യാപിച്ചാല്‍ ആറു മണിക്ക് വിളക്ക് അണയ്ക്കണമെന്നും വീടിന് പച്ചനിറം മാത്രമേ പാടുള്ളൂ എന്നും നമ്മുടെ കുഞ്ഞുങ്ങളെ കടുവകള്‍ ആഹാരമാക്കുമെന്നും കാലക്രമത്തില്‍ ഈ മണ്ണില്‍ നിന്നും ഒഴിഞ്ഞു പോവേണ്ടി വരുമെന്നും ഒക്കെയാണ് മാഫിയകള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ചത്.

ഇതൊന്നും വസ്തുതകളുമായി ബന്ധമുള്ളതല്ല എന്ന ബോധം ജനങ്ങളിലുണ്ടാക്കണം. തങ്ങളുടെ പ്രാണവായുവിന്റെ, വെള്ളത്തിന്റെ, ഭക്ഷണത്തിന്റെ, ജീവിതത്തിന്റെ തന്നെ അടിസ്ഥാന സ്രോതസ്സ് വനമാണെന്നും അതിനെ സംരക്ഷിച്ച് കൊണ്ട് മാത്രമേ തങ്ങള്‍ക്കുമൊരു ജീവിതം ഉണ്ടാവു എന്നുമുള്ള യാഥാര്‍ഥ്യത്തിലേക്ക് അവരെ ഉണര്‍ത്തണം.

നാട്ടിലേക്കും കൃഷിയിടത്തിലേക്കും മൃഗങ്ങള്‍ കൂട്ടത്തോടെ ഇറങ്ങി വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അടിയന്തിര നടപടി സ്വീകരിക്കണം. വൈദ്യുത വേലി, കിടങ്ങ് തുടങ്ങിയവയൊക്കെ അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തണം. കന്നുകാലി ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളെ വനത്തിലേക്കും വന പുറമ്പോക്കുകളിലേക്കും നിയന്ത്രണമില്ലാതെ മേയാന്‍ വിടുന്നത് ഒഴിവാക്കണം.

ഇവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കണം. വനത്തിനകത്ത് മൃഗങ്ങള്‍ക്ക് തീറ്റ ഉറപ്പ് വരുത്താന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം. വനത്തിനകത്തുള്ള കുളങ്ങളും നീര്‍ച്ചാലുകളുമൊക്കെ ആഴം കൂട്ടിയും മറ്റും റീച്ചാര്‍ജ് ചെയ്യാന്‍ പറ്റുമോ എന്ന് പരിശോധിക്കണം.

സിന്തറ്റിക് ടാങ്കുകള്‍ കൊണ്ടു പോയി സ്ഥാപിച്ച് മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണം. പെട്ടെന്ന് പുല്ലു കിളിര്‍ക്കുന്ന മേഖലകളിലൊക്കെ കൃത്രിമമായി നനച്ച് പുല്ല് വളര്‍ത്താന്‍ കഴിയുമോ എന്ന് ആലോചിക്കണം. വനങ്ങള്‍ക്ക് മേലെ കൃത്രിമമായി മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യ ചൈനയെ പോലുള്ള രാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇതിന് സാധ്യതയുണ്ടോ എന്ന് ആരായണം.

സസ്യാഹാരികളായ (Herbivorous) ജീവികള്‍ക്ക് വേണ്ട പുല്ല്, ഇലകള്‍, എന്നിവയൊക്കെ കാട്ടില്‍ എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. സസ്യബുക്കുകള്‍ക്ക് ആഹാരം ഉറപ്പ് വരുത്തിയാല്‍ സ്വാഭാവികമായും മാംസഭുക്കുകള്‍ക്കും ഭക്ഷണം ഉറപ്പാക്കാനാവും.

ഗോ സംരക്ഷണം, ഗോ മാംസ നിരോധനം എന്നിവയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൊക്കെ ചാവാലികളായ ധാരാളം കന്നുകാലികള്‍ അലഞ്ഞു തിരിയുന്നുണ്ട്. ഇവ നഗര ജീവിതത്തിന് വലിയ ശല്യം സൃഷ്ടിക്കുന്നവയാണ്. ഇത്തരം കന്നുകാലികളെ കാട്ടില്‍ വിടുന്നത് ആലോചിക്കാവുന്നതെ ഉള്ളൂ.

പക്ഷേ ഇതൊക്കെ വനം വകുപ്പും സര്‍ക്കാരും പതിവ് രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിര്‍വഹിക്കാവുന്ന ജോലികളല്ല. വന മേഖലയിലെ മനുഷ്യരുടെ എല്ലാ സംഘടനകളെയും ഇതിനായി ഒന്നിച്ച് അണി നിരത്തണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടകള്‍, വനസംരക്ഷണ സമിതികള്‍, പരിസ്ഥിതി സംഘടനകള്‍, വ്യക്തികള്‍, ആരാധനാലയങ്ങള്‍, കുടുംബശ്രീ, പ്ലാന്റേഷന്‍ ഉടമകളും ജീവനക്കാരും, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവരെയും ഒറ്റ മനസോടെ രംഗത്തിറക്കാനാകണം.

മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയൊരു പങ്ക് നിര്‍വഹിക്കാന്‍ കഴിയും. ഇതില്‍ വനം വകുപ്പും സര്‍ക്കാരും വിജയിച്ചാല്‍ ആഘാതം പരമാവധി കുറയ്ക്കാന്‍ സാധിച്ചേക്കും. ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം പാരിസ്ഥിതിക തകര്‍ച്ചയാണ് നമ്മുടെ വനങ്ങളില്‍ സംഭവിക്കുക.

Advertisement