കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് ഈരാറ്റുപേട്ടയ്ക്ക് സമീപം തലനാട് ഉരുള്‍പൊട്ടി. തലനാട് ഒന്നാം മൈലിലാണ് ഉരുള്‍പൊട്ടിയത്.

Ads By Google

രാവിലെ ആറുമണിയോടെയായിരുന്നു റബര്‍ തോട്ടത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് തീക്കോയി- തലനാട് റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ശക്തമായ ജലപ്രവാഹത്തില്‍ തീക്കോയി- ഈരാറ്റുപേട്ട ഭാഗത്തെ റോഡുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പോലീസും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാണ്ട് പത്ത് മീറ്ററോളം ഭാഗത്തെ റോഡ് ഒലിച്ചുപോയിട്ടുണ്ട്.

അപകടം ഉണ്ടായ സ്ഥലത്തിന് സമീപം പതിനഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതല്‍ ഈരാറ്റുപോട്ട ഭാഗത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ആറ്‌ വര്‍ഷം മുമ്പ് ഈ ഭാഗത്ത് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം തെക്കന്‍ കേരളത്തിലും ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയത്തിന്റെ മലയോര മേഖല എന്നിവിടങ്ങളിലും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.