apache helicopterട്രിപ്പോളി: ലിബിയയില്‍ യു.കെയുടെ അപ്പാഷേ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നാറ്റോ സ്ഥിരീകരിച്ചു. രണ്ട് സൈനിക സ്ഥാപനങ്ങളും, ഒരു റഡാര്‍ സൈറ്റും, ബ്രെഗക്കടുത്തുള്ള ചെക്ക്‌പോയിന്റും ആക്രമണത്തില്‍ തകര്‍ന്നതായി ഹെലികോപ്റ്റര്‍ വിന്യസിച്ചിരുന്ന എച്ച്.എം.എസ് ഓഷന്‍ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞു.

ലിബിയയിലെ വ്യത്യസ്ത പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആദ്യമായി ഫ്രഞ്ച് ഗസലെ ഹെലികോപ്റ്ററും ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിബിയയില്‍ നാറ്റോയുടെ മിഷന്‍ തുടങ്ങിയിട്ട് 90 ദിവസമായി. ഹെല്‍ഫയല്‍ മിസൈലുകളും 30mm കാനനുകളുമായി ആക്രമണം നടത്താന്‍ ഉപയോഗിച്ചതെന്ന് ഡിഫന്‍സ് സ്റ്റാഫ്‌സ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ മേജര്‍ ജനറല്‍ നിക്ക് പോപ്പ് വെളിപ്പെടുത്തി. ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം ഹെലികോപ്റ്റര്‍ സുരക്ഷിതമായി എച്ച്.എം.എസ് ഓഷനിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ലിബിയയിലേക്ക് അപ്പാഷേ ഹെലികോപ്റ്റുകള്‍ അയക്കാന്‍ മെയ് 27ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തീരുമാനിച്ചിരുന്നു. പ്രദേശവാസികള്‍ക്ക് അപകടം സംഭവിക്കുന്നത് കുറയ്ക്കാന്‍ വേണ്ടിയാണ് എച്ച്.എം.എസ് ഓഷനിലൂടെ ഇത് വിന്യസിച്ചത്.