ട്രിപ്പോളി: പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ ആയുധങ്ങള്‍ നിയന്ത്രിക്കാന്‍ നാറ്റോ ഒന്നും ചെയ്യുന്നില്ലെന്ന് ഫ്രാന്‍സ്. നാറ്റോ നയിക്കുന്ന ബോംബിങ് ക്യാമ്പയിന്‍ തുടരുമ്പോഴും ലിബിയന്‍ ജനതയുടെ ഭീതി അതേപടി നിലനില്‍ക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി അലൈന്‍ ജുപ്പെ കുറ്റപ്പെടുത്തി.

ഫ്രാന്‍സിനൊപ്പം ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയും നാറ്റോയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഗദ്ദാഫിക്കെതിരായുള്ള സൈനിക നടപടി ശക്തമാക്കണമെന്നും അദ്ദേഹത്തിനോട് എത്രയും പെട്ടെന്ന് സ്ഥാനഭ്രഷ്ടനാക്കണമെന്നും യു.കെ വിദേശകാര്യമന്ത്രി വില്യം ഹാഗ് ആവശ്യപ്പെട്ടു.

നാറ്റോ അതിന്റെ ചുമതല പൂര്‍ത്തിയാക്കണമെന്ന് ജുപ്പെ പറഞ്ഞു. ഇപ്പോഴുള്ള നാറ്റോയുടെ ഇടപെടല്‍ ശക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം ട്രിപ്പോളിയില്‍ പുതിയ ഓഫീസ് തുടങ്ങാന്‍ റെഡ് ക്രോസ് തീരുമാനിച്ചിട്ടുണ്ട്. മിസുരാതയില്‍ ഗദ്ദാഫിസൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ലിബിയക്കാര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയാല്‍ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഗദ്ദാഫിയുടെ മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.