ട്രിപ്പോളി: ലിബിയയില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി കിക്‌ല നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനു നേര്‍ക്കു നാറ്റോയുടെ റോക്കറ്റ് പതിക്കുകയായിരുന്നു. ട്രിപ്പോളിയിലും സമീപ പ്രദേശങ്ങളിലും നാറ്റോ സേന ഏതാനും ദിവസങ്ങളായി വ്യോമാക്രമണം ശക്തമാക്കിയിരിക്കുയാണ്.

ട്രിപ്പോളിയില്‍ നാറ്റോ സേന വ്യോമാക്രമണം തുടരവേ, കഴിഞ്ഞദിവസം പടിഞ്ഞാറന്‍ മലനിരകളില്‍ ഗദ്ദാഫി സേന ഷെല്‍ ആക്രമണം നടത്തി. മിസ്‌റാത്തയ്ക്കു സമീപം സ്ലിറ്റനില്‍ ഗദ്ദാഫി സൈനികര്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകള്‍ നാറ്റോ വിതറുകയും ചെയ്തു.