എഡിറ്റര്‍
എഡിറ്റര്‍
നടി അക്രമിക്കപ്പെട്ട സംഭവം; ഡി.ജി.പി നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
എഡിറ്റര്‍
Monday 20th February 2017 6:43pm

 

ന്യൂദല്‍ഹി: കൊച്ചിയില്‍ ചലചിത്ര നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. അന്വേഷണത്തിന്റെ വിവരങ്ങള്‍ ബോധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

കേസ് അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കണമെന്നും തുടര്‍നടപടികള്‍ വ്യക്തമാക്കണമെന്നും ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ലളിത കുമാരമംഗലം പറഞ്ഞു. നടിയില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെങ്കില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.


Read more: ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തൂ: അമിതാഭ് ബച്ചനോട് അഖിലേഷ് യാദവ്


വെള്ളിയാഴ്ച രാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അക്രമിക്കപ്പെട്ടിരുന്നത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി സംഘം വാഹനത്തില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയും പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയുമായിരുന്നു.

പ്രതികള്‍ക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേ സമയം കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറും മറ്റുപ്രതികളായ മണികണ്ഠന്‍, ബിജീഷ് എന്നിവരും ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisement