എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പണിമുടക്ക്: നോയിഡയില്‍ പോലീസ് ലാത്തിചാര്‍ജ്
എഡിറ്റര്‍
Wednesday 20th February 2013 3:27pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിനെ തുടര്‍ന്ന് നോയിഡയില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. ലാത്തിചാര്‍ജിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.

Ads By Google

ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘനടകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് പൂര്‍ണമായിരിക്കുകയാണ്. കേരളത്തിലെ പൊതുവെ സമരം ശാന്തമാണെങ്കിലും ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അക്രമാസക്തമായിട്ടുണ്ട്.

സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സമരക്കാര്‍ തെരുവില്‍ നേരിട്ടു. ഇതേ തുടര്‍ന്ന് നോയിഡയില്‍ സമരാനുകൂലികള്‍ ഫാക്ടറിയും, നിരവധി വാഹനങ്ങളും തീയിട്ടു. പണിമുടക്ക് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ഇവിടങ്ങളില്‍ ലാത്തിചാര്‍ജ് നടത്തി.

എന്നാല്‍ മുഴുവന്‍ ഭരണപ്രതിപക്ഷ തൊഴിലാളി സംഘനടകളുടെ പണിമുടക്ക് കേരളത്തില്‍ സമാധാനപരമായാണ് നടക്കുന്നത്.

പണിമുടക്ക് സമരം രാജ്യത്ത് ബന്ദിന്റെ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കിംഗ് ഇന്‍ഷൂറന്‍സ്, തുറമുഖ മേഖലകളെല്ലാം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും സമരം അക്രമാസക്തമായിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍  ഹരിയാനയില്‍  ട്രേഡ് യൂണിയന്‍ നേതാവ് ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു.

അംബാലയിലാണ് എ.ഐ.ടി.യു.സി ട്രഷറര്‍  നരേന്ദര്‍ സിങ് കൊല്ലപ്പെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജില്ലാ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അംബാല ബസ് ഡിപ്പോയില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിനിടെയാണ് നരേന്ദ്രര്‍ സിംഗ് കൊല്ലപ്പെട്ടത്.

അദ്ദേഹത്തെ ഇടിച്ചിട്ടതിന് ശേഷവും ബസ് മുന്നോട്ട് എടുത്തത് തൊഴിലാളികളെ അക്രമാസക്തരാക്കിയെന്നും ഹരിയാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഇന്ദര്‍ സിങ് ഭഡാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

നരേന്ദ്രര്‍ സിങിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ഹരിയാന റോഡ് വെയ്‌സ് ജനറല്‍ മാനേജറിന്റെ പേരില്‍ കേസെടുക്കണമെന്നും ഭഡാന കൂട്ടിച്ചേര്‍ത്തു.

നരേന്ദര്‍ സിങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ അംബാല ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറുടെ വാഹനം പൂര്‍ണമായും തകര്‍ത്തുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് നരേന്ദര്‍ സിങ് കൊല്ലപ്പെട്ടത്.

പണിമുടക്ക് പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി കരിങ്കാലികളാണ് നരേന്ദര്‍ സിങിനെ കൊലപ്പെടുത്തിയതെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു.

ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാലും ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement