എഡിറ്റര്‍
എഡിറ്റര്‍
‘ ജീവിതത്തിലും ‘ഉന്നം’ പിഴയ്ക്കാതെ അയിഷ’; സഹോദരനെ രക്ഷിക്കാന്‍ അക്രമികളെ വെടിവെച്ചിട്ട് ദേശീയ ഷൂട്ടിംഗ് താരം
എഡിറ്റര്‍
Sunday 28th May 2017 4:17pm

ന്യൂദല്‍ഹി: ആക്രമികളില്‍ നിന്നും ബന്ധുവിനെ രക്ഷിക്കാന്‍ കളത്തിന് പുറത്ത് തോക്കെടുത്ത് ദേശീയ ഷൂട്ടിംഗ് താരം. ദേശീയ ഷൂട്ടിംഗ് താരമായ അയിഷ ഫലഖ് ആണ് ഭര്‍തൃസഹോദരനെ രക്ഷിക്കാനായി പിസ്റ്റള്‍ പുറത്തെടുത്തത്.

ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ഭര്‍തൃസഹോദരനുമായ ആസിഫിനെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കോളേജ് വിട്ട സമയങ്ങളില്‍ ടാക്‌സി ഓടിച്ചാണ് ആസിഫ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. പതിവുപോലെ കഴിഞ്ഞ ദിവസം ധര്യഗഞ്ചില്‍ നിന്ന് രണ്ട് യാത്രക്കാര്‍ ആസിഫിന്റെ കാറില്‍ കയറുകയായിരുന്നു. പകുതി വഴി എത്തിയപ്പോള്‍ വണ്ടി മറ്റൊരു വഴിക്ക് വിടാന്‍ പറഞ്ഞ് അക്രമികള്‍ ആസിഫിനെ ഭീഷണിപ്പെടുത്തി.


Also Read: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


തുടര്‍ന്ന് വിജനായ ഒരു സ്ഥലത്തെത്തി ആസിഫിനെ മര്‍ദ്ദിച്ച് കൈയിലുണ്ടായിരുന്ന പഴ്‌സ് പിടിച്ചുവാങ്ങി. എന്നാല്‍ പഴ്‌സില്‍ വെറും 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് അക്രമികളായ ആകാശ്, റഫി എന്നിവര്‍ ഉടന്‍ തന്നെ ആസിഫിന്റെ വീട്ടില്‍ വിളിച്ച് മോചനത്തുക ആവശ്യപ്പെടുകയായിരുന്നു.

25000 രൂപയും കൊണ്ട് ശാസ്ത്രി പാര്‍ക്കില്‍ എത്തണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആസിഫിന്റെ കുടുംബം ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം അയിഷയും ഭര്‍ത്താവും അക്രമികള്‍ പറഞ്ഞിടത്തേക്ക് പുറപ്പെടുകയായിരുന്നു.

പൊലീസിനേയും കൂട്ടി അയിഷ ഫലഖ് അക്രമികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ പൊലീസ് ഉള്ള വിവരം അറിഞ്ഞ് സ്ഥലം വിട്ടു. പിന്നീട് ആസിഫിനെ വിട്ടുകിട്ടണമെങ്കില്‍ ഭജന്‍പുരയില്‍ പണവുമായി എത്തണമെന്ന് അക്രമികള്‍ അറിയിച്ചു. അപകടം മണത്തതോടെ തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള 32 പിസ്റ്റളുമായാണ് അയിഷ ഭജന്‍പുരിലേക്ക് പോയത്.


Don’t Miss: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


പ്രതികളില്‍ ഒരാളുടെ അരയിലും രണ്ടാമത്തെയാളുടെ കാലിലും ആണ് ആസിഫിനെ രക്ഷിക്കാന്‍ അയിഷ വെടിവെച്ചത്. പരുക്കേറ്റ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. 2015ല്‍ ഉത്തരമേഖലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് അയിഷ. ഷൂട്ടിംഗ് റെയ്ഞ്ചില്‍ പ്രകടപ്പിക്കുന്ന കൃത്യതയാണ് അയിഷയ്ക്ക് അക്രമികളെ കുടുക്കാന്‍ കരുത്തു പകര്‍ന്നത്.

Advertisement