കോഴിക്കോട്: സി.പി.ഐ.എം പിന്തുണയോടെ രൂപീകരിക്കുന്ന നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സിന്റെ പ്രഖ്യാപനം നാളെ കോഴിക്കോട്ട് നടക്കും.ഐ.എന്‍.എല്‍ സെക്യുലര്‍, റഹീം ഗ്രൂപ്പുള്‍പ്പെടെ മുസ്‌ലിം ലീഗില്‍ നിന്നു വിട്ടുപോന്നവര്‍, ലത്തീന്‍ കത്തോലിക്ക, എന്നീ സംഘടനകള്‍ കൂടിച്ചേര്‍ന്നാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് പി.ടി.എ റഹീം എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് കോഴിക്കോട് ടാഗോര്‍ ഹാളിലാണ് പാര്‍ട്ടി പ്രഖ്യാപനം.

ജനതാദള്‍ കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.പിയുമായ സമദ് സിദ്ദീഖി പ്രഖ്യാപനം നടത്തും. കേരളത്തിലെ ഇടതുപക്ഷ-മതേതര കൂട്ടായ്മക്കും ന്യൂനപക്ഷ, പിന്നാക്ക ശാക്തീകരണത്തിനും പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. ലീഗില്‍ നിന്നു പുറത്തുവന്നാല്‍ എം കെ മുനീറിനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യും.

തന്റെ ചാനല്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടി യോഗങ്ങളില്‍പോലും പങ്കെടുക്കാന്‍ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധമില്ലെന്നും റഹീം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഫെലിക്‌സ് ജെ പുല്ലുടന്‍, കെ അബ്ദുല്ല യൂസുഫ്, എന്‍ കെ അബ്ദുല്‍ അസീസ്, ഹമീദ് കരിയാട് പങ്കെടുത്തു.