എഡിറ്റര്‍
എഡിറ്റര്‍
ദേശീയസ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് :കേരളത്തിന് 16ാം കിരീടം
എഡിറ്റര്‍
Saturday 2nd February 2013 2:00pm

ഇറ്റാവ: ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണകൊയ്‌ത്തോടെ കേരളം 16ാം കിരീടം സ്വന്തമാക്കി. 293 പൊയിന്റോടെയാണ് കേരളം പൊന്‍കിരീടമണിഞ്ഞത്.

Ads By Google

33 സ്വര്‍ണ്ണവും, 26 വെള്ളിയും, 17 വെങ്കലവുമാണ്  കേരളത്തിന്റെ മെഡല്‍ നില. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം കിരീടത്തിലേക്ക് കുതിച്ചത്.

സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലൂടെ മുണ്ടൂരിന്റെ പി.യു ചിത്ര ഇന്ന് നാലാം സ്വര്‍ണ്ണം നേടി. കഴിഞ്ഞ വര്‍ഷം ഒരു വെള്ളികൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്ന പി.യു ചിത്ര ഇത്തവണ മൂന്ന് ദേശീയ റെക്കോര്‍ഡുകള്‍ മറികടന്ന് നാല് സ്വര്‍ണ്ണം നേടി വ്യക്തികത ചാമ്പ്യനായി. ചിത്രയുടെ നാല് മെഡലുകള്‍   കേരളത്തിന് വലിയ മുതല്‍കൂട്ടായി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷഹര്‍ബാന സിദ്ധിഖ് കേരളത്തിന് വേണ്ടി അവസാന സ്വര്‍ണ്ണം നേടി. കഴിഞ്ഞ വര്‍ഷം ലുധിയാനയില്‍ 29 സ്വര്‍ണ്ണത്തോടെ കേരളം കിരീടം നേടിയിരുന്നു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ പത്താം ക്ലാസുകാരന്‍ തകര്‍ത്തത്. മീറ്റില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ അഫ്‌സല്‍ തന്നെയാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തികത ചാമ്പ്യനായത്.

ട്രാക്കിലും, ഫീല്‍ഡിലും ഒരേ പോലെ തിളങ്ങിയ കേരളത്തിന്റെ താരങ്ങള്‍  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണവും ദേശീയറെക്കോര്‍ഡുകളും നേടിയാണ് ഇറ്റാവയില്‍ നിന്നും കേരളത്തിലേക്ക്  മടങ്ങുന്നത്.

മീറ്റിലെ വ്യക്തികത ചാമ്പ്യന്‍മാരായ പി.യു ചിത്രക്കും അഫ്‌സലിനുമാണ് നാനോകാര്‍ സമ്മാനമായി ലഭിക്കുക. കൂടാതെ മീറ്റില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും സൈക്കിളും ലഭിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യും.

Advertisement