തിരുവനന്തപുരം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പുനപുനരധിവാസപാക്കേജില്‍ കേന്ദ്രം നല്‍കുന്ന തുകയ്ക്ക് പുറമേയുള്ള അധിക ചിലവ് സംസ്ഥാനം വഹിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ഉടന്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പറഞ്ഞു‍.

ദേശീയ പാത വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍  ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ദേശീയ പാതയുടെ വീതി 45മീറ്റര്‍ തന്നെയാക്കാനും തീരുമാനമായി.

നേരത്തെ പുനരധിവാസത്തിനുവേണ്ട തുക മുഴുവന്‍ കേന്ദ്രം വഹിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലമേറ്റെടുക്കാന്‍ കമ്പോളവില നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. പുനരധിവാസംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇതിനുപുറമേ വേണ്ടിവരുന്ന അധിക ചിലവ് വഹിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

ബി.ഒ.ടി പദ്ധതിയായിട്ടുകൂടി പുനരധിവാസത്തിന് സംസ്ഥാനം പണം ചെലവാക്കാന്‍ തയ്യാറാവുന്നത് നിര്‍ണായകമായ നയം മാറ്റമാണ്. റോഡരില്‍ സ്ഥലം നഷ്ടപ്പെടുന്നവരെ അതിനു പിന്‍നിരയിലെ സ്ഥലം ഏറ്റെടുത്ത് പുനരധിവാസിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അതിപ്പോള്‍ ആലോചിക്കുന്നില്ല.

പുതുക്കിയ പാക്കേജിലെ ശുപാര്‍ശകള്‍

ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവില നല്‍കും.

ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിലെ വിലയും 25% അധികവും.

വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നിലവിലുള്ള തൊഴിലില്‍ നിന്ന് പിരിഞ്ഞുപോകാന്‍ വ്യവസായ തര്‍ക്ക പരിഹാര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം.

വാടകയ്ക്ക് കടയും സ്ഥാപനങ്ങളും നടത്തുവര്‍ക്ക് അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ കമ്പോളവിലയുടെ പത്ത് ശതമാനം നല്‍കും. ഇവര്‍ക്ക് ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം രൂപ ലഭിക്കും.

മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ അത് പുനര്‍നിര്‍മിച്ച് നല്‍കും.