Categories

ദേശീയപാത വികസനം: ഭൂമിക്ക് വിപണിവില; പുനരധിവാസമില്ല


ന്യൂദല്‍ഹി: കേരളത്തില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവില നല്‍കുമെന്നും ഇത് നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാറിനായിരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി കമല്‍നാഥ് അറിയിച്ചു. അതേ സമയം കേരള സര്‍ക്കാരും സമരസംഘടനകളും ആവശ്യപ്പെട്ടത്
പ്രകാരം പുനരധിവാസ പാക്കേജ് അനുവധിക്കാന്‍ നിലവില്‍ ചട്ടങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പൊതുമരാമത്ത് മന്ത്രി എം.വിജയകുമാറും കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും കമല്‍നാഥ് പറഞ്ഞു. കേരളം സമര്‍പ്പിച്ച ദേശീയ പാത വികസന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് തന്നെ തിരിച്ചയച്ച പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വില കണക്കാക്കാന്‍ കേരളത്തിന് ഉദ്യോഗസ്ഥനെ നിയമിക്കാം. ഈ ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ നോഡല്‍ ഓഫീസറായി നിശ്ചയിക്കാം. ഈ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന തുക കേന്ദ്രം അനുവദിക്കും. നിലവിലെ രീതിയായ ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിവില അനുവദിക്കുന്ന രീതിക്ക് പകരമാണിത്.
ഇതിനുള്ള ഉത്തരവുകള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

പുതിയ ആറ് റോഡുകള്‍കൂടി ദേശീയപാതയാക്കി പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തിരുവനന്തപുരം പുനലൂര്‍ പാലാ മൂവാറ്റുപുഴ റോഡ്, ചാലക്കുടി അതിരപ്പള്ളി പൊള്ളാച്ചി റോഡ്, കൊടുങ്ങല്ലൂര്‍ ഷൊറണൂര്‍ നിലമ്പൂര്‍റോഡ്, കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡ്, വടകര മാനന്തവാടി മൈസൂര്‍ റോഡ്, തലശ്ശേരി സുല്‍ത്താന്‍ ബത്തേരി റോഡ് എന്നീ റോഡുകളാണിവ. ഏകദേശം 700 കിലോമീറ്ററോളമായിരിക്കും ഇവയുടെ ദൈര്‍ഘ്യം.

മുന്‍ഗണനാക്രമത്തില്‍ പ്രസ്തുത റോഡുകളെ ദേശീയപാതയാക്കി പ്രഖ്യാപിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ തുക അനുവദിക്കും. 2005 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ദേശീയപാതകളില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ച ഇനത്തില്‍ കേരളത്തിന് 496 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്.

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിനായി (കെ.എസ്.ടി.പി.) മുന്‍ഗണന നല്‍കുന്നു എന്ന് രേഖാമൂലം അറിയിക്കുന്നപക്ഷം ലോകബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കാമെന്നും പിന്നീട് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. 1386 കോടിരൂപയുടെ ലോകബാങ്ക് വായ്പക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയെ സന്ദര്‍ശിക്കുകയായിരിന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.