umman-chandyതിരുവനന്തപുരം: ദേശീയപാതാവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുളള പുതിയ പാക്കേജിന്റെ രൂപരേഖ തയാറാക്കാനായി സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി ചേര്‍ന്ന ഉന്നതസമിതിയോഗത്തിലായിരുന്നു തീരുമാനം.

ദേശീയ പാതയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതേ തുടര്‍ന്ന് നഷ്ടപരിഹാര പാക്കേജിന്റെ രൂപരേഖ തയ്യാറാക്കാന്‍ വേണ്ടി സമിതി രൂപീകരിക്കുകയായിരുന്നു. കമ്മിറ്റിയില്‍ റവന്യൂ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 27 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കും. മൂലമ്പള്ളി, കെ.എസ്.ടി.പി പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി തയാറാക്കിയ പാക്കേജിലെ നല്ല വശങ്ങള്‍ പരിഗണിച്ചായിരിക്കും പുതിയ പാക്കേജ് രൂപീകരിക്കുക.