എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പണിമുടക്ക് ആരംഭിച്ചു
എഡിറ്റര്‍
Wednesday 20th February 2013 8:34am

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Ads By Google

ഭരണ, പ്രതിപക്ഷ തൊഴിലാളി സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണ്, എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നായി ചേര്‍ന്ന് ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന മന്ത്രിതല ചര്‍ച്ചയില്‍ രാജ്യത്തെ ഭരണപക്ഷ ട്രേഡ് യൂണിയനുകളെപ്പോലും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാറിനായില്ല. ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകളില്‍ ഒന്നുംപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഈ സമരത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും ചര്‍ച്ചക്ക് ശേഷം ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാനത്ത് സമരം നേരിടാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 20, 21 തീയതികളില്‍ അവധി നല്‍കുന്നതിനും നിയന്ത്രണവും ഡയസ്‌നോണ്‍ ബാധകമാക്കുകയും ചെയ്തു. ജോലിക്ക് എത്തുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് സംരക്ഷണം നല്‍കും.

കെ.എസ്.ആര്‍.ടി.സിയിലെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.
ഓട്ടോടാക്‌സി തൊഴിലാളികളും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനം നിശ്ചലമാകും.

ഇതോടൊപ്പം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
വ്യാപാരികളോടും പണിമുടക്കില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

പണിമുടക്ക് ദിവസങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് അടക്കം എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. 23 വരെയുള്ള എല്ലാ ഇന്റര്‍വ്യൂകളും മാറ്റി.
കുടിവെള്ളം, ആസ്പത്രി, പത്രം, പാല്‍ തുടങ്ങി അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ്, യു.ടി.യു.സി, എല്‍.പി.എഫ്, എസ്.ഇ.ഡബ്ല്യു.എ, എസ്.ടി.യു, ടി.യു.സി.ഐ, എന്‍.എല്‍.ഒ, കെ.ടി.യു.സി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പണിമുടക്കില്‍ സെറ്റോ അധ്യാപക സര്‍വ്വീസ് സംഘടനകള്‍ പങ്കെടുക്കില്ല.

Advertisement