ന്യൂദല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നഷ്ടപ്പെട്ട പ്രതാപം മലയാളം തിരിച്ചുപിടിക്കുന്നു. മികച്ച ചിത്രവും മികച്ച നടനുമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് 58ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമകള്‍ നേടിയത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ചിത്രത്തിലെ അഭിനയത്തിന് സലിംകുമാറിനെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ആടുകളത്തിലെ അഭിനയത്തിന് തമിഴ്‌നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള അവാര്‍ഡും ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. തമിഴ് നടി ശരണ്യ പൊന്‍വര്‍ണനും മറാഠി നടി മിതാലി ജെഗ്താബിനുമാണ് പുരസ്‌കാരം.

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്റെ കലാസംവിധാനത്തിന് മലയാളിയായ സിറില്‍ സാബുവിനും നമ്മ ഗ്രാമം എന്ന തമിഴ്ചിത്രത്തിലെ അഭിനയത്തിന് സുകുമാരിക്ക് സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. വസ്ത്രാലങ്കാരത്തിനുള്ള ദേശീയപുരസ്‌കാരം ഇന്ദ്രന്‍സ് ജയനും മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് മധു അമ്പാട്ടും തിരഞ്ഞെടുക്കപ്പെട്ടു .മികച്ച മലയാള സിനിമയായി ഡോ.കെ.ബിജുവിന്റെ വീട്ടിലേക്കുള്ള വഴിയും തിരഞ്ഞെടുക്കപ്പെട്ടു.

ഗൗതം ഘോഷ് സംവിധാനം ബംഗാളി ചിത്രം മൊനേര്‍ മാനുഷിന് മികച്ച ദേശീയോത്ഗ്രഥന ചിത്രത്തിനുള്ള അവര്‍ഡ് നേടി. മികച്ച ജനപ്രിയ ചിത്രം ദബാങ്, മികച്ച കുട്ടികളുടെ ചിത്രം ഹെജഗലു (കന്നഡ), മികച്ച സാമൂഹ്യ പ്രതിബന്ധത ചിത്രം (ചാമ്പ്യന്‍- മറാഠി), മികച്ച അന്വേഷണാത്മക ചിത്രം പെസ്റ്ററിംഗ് ജേണി (സംവിധാനം-കെ.ആര്‍ മനോജ്), ശബ്ദലേഖനം-ഹരികുമാര്‍ ആര്‍ നായര്‍ എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

നവാഗതനായ സലിം മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ആദാമിന്റെ മകന്‍ അബു. സലിംകുമാര്‍ നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഇതിനുമുമ്പ് സലിംകുമാര്‍ നായകനായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സലിംകുമാര്‍; ഹാസ്യനടനില്‍ നിന്നും സ്വഭാവനടനിലേക്ക്

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയായ സലിംകുമാര്‍ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ അദ്ദേഹം ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു.

വടക്കേ പറവൂരിലുള്ള ഗവര്‍മെന്റ് ലോവര്‍ ്രൈപമറി സ്‌കൂളിലും ഗവര്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി യുവജനോത്സവത്തില്‍ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

കൊച്ചിന്‍ കലാഭവനിലാണ് മിമിക്രി ജീവിതം തുടങ്ങിയത്. പിന്നീട് ഇദ്ദേഹം കൊച്ചില്‍ സാഗര്‍ മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. ഏഷ്യാനെറ്റില്‍ മുന്‍പ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകള്‍ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ സിനിമകള്‍ സലിംകുമാറിലെ അഭിനയ വൈഭവത്തെ വിളിച്ചറിയിച്ചു.

നാലു വര്‍ഷത്തോളം, കൊച്ചിന്‍ ആരതി തിയേറ്റേര്‍സിന്റെ നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരില്‍ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.