ന്യൂദല്‍ഹി: അന്‍പത്തൊന്‍പതാമതു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ നാടക സംവിധായകന്‍ കെ.പി. സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി ആണ് മികച്ച ചിത്രം. ബ്യാരിക്കൊപ്പം ബംഗാളിചിത്രം ഡ്യൂളും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബ്യാരിയില്‍ നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മല്ലികയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവുമുണ്ട്.

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം ആദിമധ്യാന്തം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

കാസര്‍കോട് അതിര്‍ത്തി പ്രദേശത്തെ ലിപിയില്ലാത്ത ഭാഷയാണു ബ്യാരി. ഈ ഭാഷയിലെ ആദ്യത്തെ സിനിമയാണിത്. ബ്യാരി ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതരീതിയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം മലയാളികളാണ്.

ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് വിദ്യാബാലന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ ഗിരീഷ്‌കുല്‍ക്കര്‍ണി മികച്ച നടനുള്ള പുരസ്‌കാരം നേടി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിത്രത്തിനാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മികച്ച ഗായിക- രൂപാ ഗാംഗുലി, ആദ്യചിത്രം- ആരണ്യകാണ്ഡം( തമിഴ്) , മികച്ച കഥേതര ചിത്രം- ആന്‍ഡ് വി പ്ലേ ഓണ്‍, നവാഗത ചിത്രം- സൈലന്റ് പോയറ്റ്, മികച്ച നരവംശ ശാസ്ത്ര ചിത്രം- ബോംബ്, മികച്ച ചലച്ചിത്ര വിമര്‍ശകന്‍- മനോജ് ഭട്ടാചാര്യ(അസം എഴുത്തുകാരന്‍), കായിക ചിത്രം- ഫിനിഷിങ് ലൈന്‍, പരിസ്ഥിതി ചിത്രം- ടൈഗര്‍ ഡൈനാസ്റ്റി , ചമയം – വിക്രം ഗെയ്ക്‌വാദ്, കോറിയോഗ്രഫി-സിന്ദഗി നാ മിലേഗി ദുബാര, ഛായാഗ്രഹണം- സത്യറായ് നാഗ്പാല്‍.

മികച്ച ചലച്ചിത്രഗ്രന്ഥം ‘ആര്‍.ഡി ബര്‍മ്മന്‍-ദി മാന്‍ ദി മ്യൂസക്. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത ജയ് ഭിം കോംറേഡ് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ആന്‍ വി പ്ലേ ഓണ്‍’ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ഇന്ത്യന്‍ റുപ്പി വിജയിപ്പിച്ച പ്രേക്ഷകരോടും ചിത്രത്തിന്റെ നിര്‍മാതാക്കളോടും നന്ദിരേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

രോഹിണി ഹത്തംഗിണി അധ്യക്ഷത വഹിച്ച ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സംവിധായകന്‍ കെ.പി കുമാരനാണ് കേരളത്തില്‍ നിന്നും ജൂറിയിലുണ്ടായിരുന്നത്.

Malayalam news

Kerala news in English