മനാമ: സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ ശക്തമായ ബഹ്‌റൈനില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ. ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പട്ടാളത്തിന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

”ബഹ്‌റൈനില്‍ നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ രാജാവ് ഹമദ് മൂന്ന് മാസത്തേക്ക് നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുന്നു’ ബഹ്‌റൈന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കി.

പോലീസ് സേനയും നാഷണല്‍ ഗാര്‍ഡും ഇപ്പോള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏത് തരത്തിലുള്ള സേനയെയും വിന്യസിക്കും സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിയില്‍ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന സായുധ സേനാ വ്യൂഹങ്ങളുടെ ദൃശ്യങ്ങളും ടെലിവിഷനിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ബഹ്‌റൈന്‍ സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്ന് സൗദിയും യു.എ.ഇയും രാജ്യത്തേക്ക് തങ്ങളുടെ സായുധ സേനയെ അയച്ചിട്ടുണ്ട്.

മത-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രക്ഷോഭം വ്യാപിക്കാന്‍ തുടങ്ങിയതാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയതിനെ ഇറാന്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ടെഹ്‌റാനിലെ ബഹ്‌റൈന്‍ അംബാസിഡറെ തിരിച്ചുവിളിച്ചു.

അതിനിടെ ഇന്നലെ മനാമയില്‍ പ്രക്ഷോഭകരും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കുണ്ട്. സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് പ്രക്ഷോഭകരെ പ്രകോപിതരാക്കിയത്. കൂടാതെ സമാധാനം പുനഃസ്ഥാപിക്കാന്‍ സൗദി സര്‍ക്കാരിന്റെ സഹായം തേടിയതും പ്രക്ഷോഭം ആളിക്കത്താനിടയാക്കി.

ഭരണപക്ഷമായ സുന്നി രാജവംശത്തില്‍ നിന്നും നേരിടുന്ന അവഗണനയ്‌ക്കെതിരായാണ് ബഹ്‌റൈനിലെ ഷിയാ വിഭാഗം പ്രതിഷേധത്തിനൊരുങ്ങിയത്. തലസ്ഥാന നഗരമായ മനാമയിലെ പേള്‍ സ്‌ക്വയറിലാണ് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ഈ പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പ്രക്ഷോഭകര്‍ തടഞ്ഞിട്ടുണ്ട്. അതേ സമയം പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ഖലീഫ അറിയിച്ചിരുന്നു. എന്നാല്‍ അധികാരത്തില്‍ നിന്നും ഒഴിയലല്ലാതെ മറ്റൊരു സന്ധിയ്ക്കില്ലെന്ന് പ്രക്ഷോഭകര്‍ അറിയിക്കുകയായിരുന്നു.