ന്യൂദല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറഞ്ഞത് മുപ്പത് ശതമാനം സീറ്റെങ്കിലും നിര്‍ബന്ധമായും അതത് സമുദായത്തിനായി മാറ്റിവെയ്ക്കണമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ എം എസ് എ സിദ്ദീഖി. അത്തരം സ്ഥാപനങ്ങള്‍ക്കേ ന്യൂനപക്ഷ പദവിയ്ക്കര്‍ഹതയുണ്ടായിരിക്കുകയുള്ളുവെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ ക്ഷേമമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രാഥമികമായി ലക്ഷ്യംവയ്‌ക്കേണ്ടത്. രാജ്യത്തെ പല ന്യൂനപക്ഷ സ്ഥാപനങ്ങളിലും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ന്യൂനപക്ഷ പ്രാതിനിധ്യമുള്ളതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Subscribe Us:

ന്യൂനപക്ഷ പദവി ലഭിയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹര്‍ജ്ജി പരിഗണിയ്ക്കവേയാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരിയ്ക്കുന്നത്. കേരളത്തില്‍ സ്വാശ്രയ കോളജുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ന്യൂനപക്ഷ സമുദായങ്ങള്‍ക്കു പ്രവേശനത്തിന് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ഉത്തരവുകളും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യാമെന്നതിനാല്‍ ഉത്തരവ് നടപ്പാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.