ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷവും എന്‍.ഡി.എയും ആഹ്വാനം ചെയ്ത ബന്ദില്‍ പ്രതിഷേധം ഇരമ്പി. സര്‍ക്കാര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പിന്തുണയുടെ കാര്യം പുനപരിശോധിക്കേണ്ടി വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി പുറത്തുനിന്നാണ് പിന്തുണ നല്‍കുന്നത്.

Ads By Google

വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവേയാണ് മുലായം സര്‍ക്കാരിനെ താക്കീത് ചെയ്തത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുമായി ചേര്‍ന്ന് കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രക്ഷോഭ പരിപാടികള്‍ മൂന്നാം മുന്നണിയുടെ രൂപീകരണത്തിനുള്ള ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ജന്തര്‍ മന്ദറിലെ പ്രതിഷേധപ്രകടനം നടത്തിയവര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ദല്‍ഹിയിലെ പ്രധാനവ്യാപാരകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു.
ദല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളും അറസ്റ്റ് വരിച്ചു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് എ.ബി.ബര്‍ദ്ദന്‍, ഡി.രാജ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവരെയാണ് അറസ്റ്റ് വരിച്ചത്. അതേസമയം, ബന്ദില്‍ 12,500 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ബന്ദില്‍ ഇന്ന് രാവിലെ അലഹബാദ് റെയില്‍വേ സ്‌റ്റേഷനില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍ ഗതാഗതം തടസപ്പെടുത്തി. പാറ്റ്‌നയില്‍ ബി.ജെ.പി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. എന്നാല്‍ ദല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ ബന്ദ് ഭാഗികമാണ്.

യു.പി.എക്കൊപ്പം നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ എന്നിവരാണ് ബന്തില്‍ പങ്കെടുക്കുന്നത്. അതേസമയം, മായാവതിയുടെ ബി.എസ്.പി ബന്ദില്‍ നിന്നും വിട്ടുനിന്നു. ഒക്ടോബര്‍ ഒന്നിന് നിലപാട് വ്യക്തമാക്കുമെന്നാണ് ബി.എസ്.പി അറിയിച്ചിട്ടുള്ളത്.