മൂവാറ്റുപുഴ: തിയേറ്ററില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാന ആലാപന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ സിനിമാ കാണെനെത്തിയ പുത്തന്‍ പുര ഷമീര്‍, മരുതുങ്കല്‍ വീട്ടില്‍ സനൂപ് എന്നിവരെയാണ് സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം.

സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം വെച്ചപ്പോള്‍ ഇരുവരും സീറ്റിലിരിക്കുകയായിരുന്നു. തിയേറ്ററില്‍ സിനിമ കാണാനെത്തിയ ഒരു ന്യായാധിപന്റെ ശ്രദ്ധയില്‍ ഇത് പെടുകയും അദ്ദേഹം ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയുമായിരുന്നു.


Dont Miss ഇത് നായന്‍മാരുടെ അമ്പലം, അവരുടെ കുളം; ഇവിടെ ദളിതരെ കുളിപ്പില്ല; ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് യുവാവിന് ആര്‍.എസ്.എസുകാരുടെ ക്രൂരമര്‍ദ്ദനം 


ഉടന്‍ തന്നെ സ്ഥലതെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു എന്നതാണ് പൊലീസ് നടപടിയ്ക്ക് കാരണമായത്. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാനെത്തിയതായിരുന്നു അറസ്റ്റിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി ഏപ്രില്‍ 18ന് പുറത്തിറക്കിയിരുന്നു.