കോഴിക്കോട്: ഹാദിയയെ സന്ദര്‍ശിക്കുന്നതിനു മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ സന്ദര്‍ശിച്ചത് ഘര്‍വാപസി കേന്ദ്രമെന്ന ആരോപണം നേരിടുന്ന ആര്‍ഷ വിദ്യാസമാജത്തിലെ നടത്തിപ്പുകാരിലൊരാളായ ശ്രുതിയെ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വനിതാ കമ്മീഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇരയെ സന്ദര്‍ശിക്കുന്നു എന്നു പറഞ്ഞാണ് ശ്രുതിക്കൊപ്പം ഇരിക്കുന്ന ചിത്രം വനിതാ കമ്മീഷന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.


Must Read: ഹാദിയ സുരക്ഷിത; ലൗജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ


എന്നാല്‍ മതപരിവര്‍ത്തനത്തിന് വിധേയരായ കുട്ടികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി ഘര്‍വാപസി നടത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന ആര്‍ഷ വിദ്യാസമാജത്തിലെ ജീവനക്കാരിയാണ് ശ്രുതിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വനിതാ കമ്മീഷന്റെ പോസ്റ്റിനു കീഴില്‍ ട്വീറ്റു ചെയ്യുന്നത്.

‘ഘര്‍വാപസി കേന്ദ്രത്തിലെ സ്റ്റാഫിനെയാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇരയല്ല’ എന്നാണ് വനിതാ കമ്മീഷന്റെ ട്വീറ്റിനു കീഴില്‍ വരുന്ന മറുപടികള്‍. ഹാദിയയേക്കാണുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് 60 ഓളം പെണ്‍കുട്ടികളെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഈ കേന്ദ്രത്തിനാണോയെന്നും ചിലര്‍ ചോദിക്കുന്നു.

എന്നാല്‍ ശ്രുതി മതപരിവര്‍ത്തനത്തിന് ഇരയായിരുന്നെന്നും പിന്നീട് ഇത്തരത്തില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നെന്നും പറഞ്ഞാണ് സംഘപരിവാര്‍ ഈ ആരോപണത്തെ ന്യായീകരിക്കുന്നത്. എന്നാല്‍ ശ്രുതി സമര്‍പ്പിച്ച സത്യവവാങ്മൂലത്തില്‍ അവരെ ആരും മതംമാറ്റിച്ചതായി പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഇവര്‍ക്ക് മറുപടി നല്‍കുന്നുമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രുതിയെ കണ്ടത്. ഇതിനുശേഷം സംഘം ഹാദിയയേയും സന്ദര്‍ശിച്ചിരുന്നു. ഹാദിയ സുരക്ഷിതയാണെന്നു പറഞ്ഞ വനിതാ കമ്മീഷന്‍ അവര്‍ സന്തോഷവതിയാണെന്നും അവര്‍ക്ക് സുരക്ഷാ ഭീഷണിയൊന്നും തന്നെ ഇല്ലെന്നും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.