ന്യൂദല്‍ഹി: ഇന്ത്യന്‍ നിരയിലെ ചില ഫീല്‍ഡര്‍മാര്‍ കഴുതകളാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യാടനത്തിലെ ഏക ടി-20 മത്സരത്തിനിടയിലാണ് നാസര്‍ ഹുസൈന്‍ വിവാദപരമായ പരാമര്‍ശമുയര്‍ത്തിയത്.

മുനാഫ് പട്ടേലിന്റെ ബൗളിങ്ങില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നല്‍കിയ അവസരം പാര്‍ത്ഥിവ് പട്ടേല്‍ നഷ്ടപ്പെടുത്തിയപ്പോളാണ് കമന്ററി ബോക്‌സിലിരുന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ കഴുതകളോടുപമിച്ചത്.

രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീല്‍ഡിംഗാണ്. ഇംഗ്ലണ്ടിന്റേത് മികച്ച ഫീല്‍ഡിംഗ് നിരയാണ്. എന്നാലിന്ത്യന്‍ നിരയില്‍ മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരേയുള്ളൂ. ഒന്നിലധികം കഴുതകള്‍ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. നാസിര്‍ പറഞ്ഞു.

ആവശ്യമില്ലാത്ത അദ്ദേഹത്തിന്റെ ഉപമാ പ്രയോഗത്തിന് നേരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നാസറിന്റെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്നും സ്വന്തം ടീമംഗങ്ങള്‍ക്കെതിരെയാണെങ്കിലും ഇത്ത്രം പ്രയോഗങ്ങള്‍ അരുതെന്നും പാക്കിസ്താന്‍ ക്രിക്കറ്റ് ഇതിഹാസം സഹീര്‍ അബ്ബാസ് പറഞ്ഞു.

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നും ഇത്തരം സംഭവങ്ങല്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയക്കണമെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.