ന്യൂദല്‍ഹി: 2011-ലെ പുതിയ ഐ.ടി നിയമം 76 ബില്ല്യന്‍ ഡോളര്‍ വരുന്ന പുറം ജോലി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ദേശീയ സമിതിയായ നാസ്‌കോം. വിവര സാങ്കേതിക മന്ത്രാലയത്തിന് നാസ്‌കോം നല്‍കിയ പരാതിയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പുതിയ ഐടി നിയമം തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കരടുനിയമം ഇതുവരെയും പൊതു വിശകലനത്തിന് വിട്ടുകൊടുക്കാത്തതിനെയും നാസ്‌കോം നിശിതമായി വിമര്‍ശിച്ചു.

പുതിയ ഇന്ത്യന്‍ ഐ.ടി. നിയമത്തിലെ 43എ വകുപ്പ് പ്രകാരം സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ കമ്പനികള്‍ തങ്ങളുടെ കക്ഷികളില്‍ നിന്ന് സമ്മതപത്രം കത്തായോ ഫാക്ട്‌സ് ആയോ മുന്‍കൂറായി നേടണം. ബാങ്ക് അക്കൗണ്ട്, ക്രഡിറ്റ് കാര്‍ഡ്, മറ്റ് പേയ്‌മെന്റ് വിവരങ്ങള്‍ എന്നിവ സുപ്രധാന വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പുറം ജോലി കരാറുകാര്‍ക്ക് അതിക ബാധ്യതയുണ്ടാക്കുമെന്നും നാസ്‌കോം പറഞ്ഞു.