എഡിറ്റര്‍
എഡിറ്റര്‍
ഖത്തര്‍ പ്രതിസന്ധിയുടെ ‘രാജകുമാരന്‍’ – മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളെപ്പറ്റി
എഡിറ്റര്‍
Sunday 11th June 2017 2:40pm


സൗദിയിലെ ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ റിയാദ് ഗവര്‍ണറായിരുന്ന സമയത്തെ രസകരമായ ഒരു സംഭവം വിക്കിലീക്‌സിലുണ്ടായിരുന്നു. 2007 ല്‍ സൗദിയിലെ യു.എസ് അംബാസഡറായിരുന്ന മൈക്കേല്‍ ഫെല്ലറുടെ ഗവര്‍ണറുമായുള്ള വിടവാങ്ങല്‍ കൂടിക്കാഴ്ചയാണ് പശ്ചാത്തലം. ഫെല്ലറും സല്‍മാനുമായുള്ള സംഭാഷണത്തില്‍ വിഷയങ്ങള്‍ പലതും കടന്നു വരുന്നു.

മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും പതിവായി സൗദി ഭരണാധികാരികള്‍ പറഞ്ഞു പോരുന്ന അതേ വാദങ്ങള്‍ സല്‍മാനും ഇതില്‍ ആവര്‍ത്തിക്കുന്നതാണ് ആദ്യ ഭാഗം. പിന്നീട് സംഭാഷണം വ്യക്തിപരമായ വിഷയങ്ങളിലേക്കെത്തുന്നു.

കൂട്ടത്തില്‍ ‘അറിയപ്പെടുന്ന ആളുകള്‍ക്കായി’ എളുപ്പത്തില്‍ അമേരിക്കന്‍ വിസ നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കിക്കൂടെ എന്ന് സല്‍മാന്‍ ചോദിക്കുന്നു. ഇതിന് കാരണമായി തന്റെ കുടുംബം അമേരിക്കന്‍ വിസക്ക് ശ്രമിച്ച അനുഭവമാണദ്ദേഹം പറയുന്നത്. ഭാര്യക്ക് വിസ കിട്ടാതെ വന്നതിനാല്‍ ഡോക്ടറെ സ്‌പെയിലേക്ക് വരുത്തി ചികിത്സിക്കുകയായിരുന്നു. ഒരു മകനും മകള്‍ക്കും വിസ കിട്ടിയെങ്കിലും മറ്റൊരു മകനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിസക്കായി അമേരിക്കന്‍ എംബസിയിലേക്ക് പോവാന്‍ തന്നെ കൂട്ടാക്കിയില്ല.


Must Read: ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍


‘ഒരു ക്രിമിനലിനെ പോലെ’ വിരലടയാള പരിശോധനക്ക് വിധേയനാവാന്‍ താന്‍ തയ്യാറല്ലെന്നുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍ സല്‍മാനെ ഉദ്ധരിച്ച് വിക്കിലീക്‌സ് രേഖകളില്‍ കാണാം.

വര്‍ഷങ്ങള്‍ അധികം കഴിയുന്നതിന് മുമ്പുതന്നെ സല്‍മാന്‍ കിരീടാവകാശിയും പിന്നീട് 2015ല്‍ രാജാവുമായി. കുതികാല്‍ വെട്ടും പാരവെപ്പും പതിവാക്കിയ അല്‍-സഊദ് രാജകുടുംബത്തില്‍ എങ്ങനെയാണ്, എപ്പോഴാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറയുക എന്നത് പ്രവചിക്കാനാവാത്തതാണ്.

മുഹമ്മദ് ബിന്‍ സല്‍മാനും മുഹമ്മദ് ബിന്‍ നായിഫും

 

ഒരുപാട് ഭാര്യമാരും പിന്നൊരുപാട് മക്കളും ശീലമായതുകൊണ്ട് തമ്മില്‍ തല്ലും വെട്ടിനിരത്തലുമൊക്കെ നിത്യസംഭവം. ആദ്യ രാജാവ് അബ്ദുല്‍ അസീസിന് 20ല്‍ അധികം ഭാര്യമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇഷ്ട ഭാര്യയായ ഹുസ്സാ സുദൈരിയില്‍ ഉണ്ടായ ഏഴ് ആണ്‍മക്കളുടെ സുദൈരി ചേരിയാണ് ഏറ്റവും പ്രബലം.

80കള്‍ക്ക് ശേഷം അബ്ദുള്ള രാജാവിനെ മാറ്റി നിര്‍ത്തിയാല്‍ ഭരിച്ചവരും പ്രമുഖ സ്ഥാനം വഹിച്ചതുമെല്ലാം സുദൈരികള്‍ (ബലാ ബലത്തില്‍ സുദൈരികളുമായി സഖ്യമുണ്ടാക്കിയിരുന്ന ഫൈസല്‍ രാജാവിന്റെ മക്കളും നല്ല സ്ഥാനങ്ങള്‍ അലങ്കരിച്ചു). പക്ഷേ ജനങ്ങളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും സംഘടിതമായി കൊള്ളയടിക്കാനും എല്ലാവര്‍ക്കും ഈ വ്യവസ്ഥിതി അനിവാര്യമായതിനാല്‍ വെട്ടി മാറ്റപ്പെട്ടവര്‍ തോല്‍വി അംഗീകരിച്ച് പിന്മാറലാണ് പതിവ്. അപവാദങ്ങള്‍ അത്യപൂര്‍വ്വം.

ഇങ്ങനെ ഒതുക്കപ്പെട്ട ഒരു മുന്‍ രാജാവിന്റെ മകന്‍ നടുറോഡില്‍ വെച്ച് നിസ്സാര ട്രാഫിക് ലംഘനത്തിന് പിഴ അടച്ച കാര്യം വിക്കിലീക്‌സിലുണ്ട്. ഏതായാലും സല്‍മാന്‍ ഭരണമേറ്റ ഉടനെ തന്നെ വെട്ടി നിരത്തല്‍ തുടങ്ങി. അബ്ദുള്‍ അസീസ് രാജാവിന്റെ മറ്റൊരു മകനും നിലവിലെ കിരീടാവകാശിയുമായിരുന്ന മുഖ്രിന്‍ രാജകുമാരനെ ആദ്യം തന്നെ തട്ടി. കൂടെ പഴയ രാജാവിനോട് അടുത്തവരായിട്ടുള്ള വേറെ പലരുടേയും സ്ഥാനം തെറിച്ചു.

റോയല്‍ കോര്‍ട്ട് ചീഫും രാജകുടുംബത്തിന് പുറത്ത് നിന്നും ഏറ്റവും ഉന്നത പദവിയിലെത്തി ‘ഖാലിദ് രാജാവ്’ എന്ന അപര നാമം കിട്ടുകയും ചെയ്ത ഖാലിദ് അല്‍ തുവൈജിരിയെ നിമിഷനേരം കൊണ്ട് ഒന്നുമല്ലാതാക്കി. പകരം സുദൈരി ചേരിയില്‍ പെട്ടവര്‍ തന്നെ സ്ഥാനം പിടിച്ചു. മുഖ്രിന് ബദലായി സല്‍മാന്റെ സഹോദരനും സുദൈരിയിലെ മറ്റൊരു പ്രമുഖനുമായിരുന്ന നായിഫിന്റെ മകന്‍ മുഹമ്മദ് ബിന്‍ നായിഫിനെ കിരീടാവകാശിയായി വാഴിച്ചു.

സല്‍മാന്‍ സ്വന്തമാക്കിയ 500 മില്യണ്‍ യൂറോ വിലയുള്ള യാറ്റ്‌

സ്വാഭാവികമായും സല്‍മാന്റെ സ്ഥാനക്കയറ്റം മക്കള്‍ക്ക് അനുഗ്രഹമായി. വിദേശ പഠനവും പരിചയ സമ്പന്നതയും കൈമുതലായുള്ള മൂന്ന് മക്കള്‍ ആദ്യ ഭാര്യയില്‍ സല്‍മാനുണ്ടായിരുന്നു. ആദ്യ അറബ് ബഹിരാകാശ യാത്രികനായ അഹ്മദ്, മദീനാ ഗവര്‍ണറായ ഫൈസല്‍, ഡെപ്യൂട്ടി എണ്ണ മന്ത്രിയായ അബ്ദുല്‍ അസീസ് എന്നീ പ്രമുഖരെല്ലാമുണ്ടായിട്ടും നറുക്ക് വീണത് മൂന്നാം ഭാര്യയായ ഫഹ്ദയിലെ മൂത്ത പുത്രനായ മുഹമ്മദ് ബിന്‍ സല്‍മാനാണ്. സല്‍മാന്റെ നിഴല്‍ എന്നാണ് മുഹമ്മദ് അറിയപ്പെട്ടിരുന്നതെന്ന് കൂടി അറിയുമ്പോള്‍ ഇതിലത്ഭുതമില്ല.

അങ്ങനെ ഇരുപത്തേഴാം വയസ്സില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉപ കിരീടാവകാശിയായി അവരോധിതനായി. സല്‍മാന്‍ തുടക്കമിട്ട ശുദ്ധികലശം മകന്‍ കൂടുതല്‍ വേഗത്തിലും ആവേശത്തിലും ഏറ്റെടുത്തു. സല്‍മാന്‍ രാജാവ് ആരോഗ്യപരമായി അങ്ങേയറ്റം ദുര്‍ബലനാണ്. പല വിധ രോഗങ്ങള്‍ അലട്ടുന്നുമുണ്ട്. ഇടത് കൈക്ക് മാത്രമല്ല, ബുദ്ധിക്കും ഓര്‍മക്കുമെല്ലാം ശേഷിക്കുറവ് ബാധിച്ചിട്ടുണ്ട്.

നിര്‍ഭാഗ്യം സല്‍മാന്‍ രാജാവിന്റെ മരണത്തിന്റെ രൂപത്തിലോ മറ്റോ വന്നാല്‍ നിലവിലെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നായിഫ് രാജാവായേക്കും. പിന്നെ മുഖ്രിന്‍ പുറത്തായ പോലെ ഏതെങ്കിലും അപ്രധാന വകുപ്പിലോ ‘പ്രത്യേക ഉപദേശക’ പദവിയിലോ ഇരുന്ന് മരിക്കേണ്ടി വരും മുഹമ്മദ് ബിന്‍ സല്‍മാന്‍.

അതുകൊണ്ട് ‘രാജാവ്’ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വെട്ടിനിരത്തേണ്ടവരെയെല്ലാം വെട്ടി നിരത്തി അധികാരമുറപ്പിക്കണം. അപകടകരമായ ഈ ഞാണിന്‍ന്മേല്‍ കളിക്ക് ആവശ്യമായ എല്ലാം മുഹമ്മദ് ബിന്‍ സല്‍മാനുണ്ട്. തലക്ക് വെളിവില്ലാത്ത സ്വഭാവം, പ്രായത്തിന്റെ അപക്വതയും സഹജമായ എടുത്ത് ചാട്ടവും, പോരെങ്കില്‍ അതി ഭീമമായ ആനുകൂല്യങ്ങള്‍ പറ്റുന്ന കൂടുതലും വിദേശികളായ ഉപദേശക/ഉപജാപകവൃന്ദവും.

ഈയൊരു ഡെഡ്‌ലി കോമ്പിനേഷന്‍ ചടുലമായാണ് കാര്യങ്ങള്‍ നീക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് ഇപ്പോള്‍ തന്നെ ചിത്രത്തിന് പുറത്തായിട്ടുണ്ട്. രാജ്യം നിര്‍ണായക പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോഴും അവഗണിക്കപ്പെട്ടതിനാല്‍ പതിവില്‍ കൂടുതല്‍ സമയം അള്‍ജീരിയയിലെ അവധിക്കാല വീട്ടില്‍ ചിലവഴിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ നായിഫ് എന്ന് മാധ്യമങ്ങള്‍ പറയുന്നു.

പ്രധാന വകുപ്പുകളുടെയെല്ലാം നിയന്ത്രണം ഒന്നൊന്നായി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ഏറ്റെടുത്തു. സ്വാഭാവികമായും പ്രതിരോധമായിരുന്നു ആദ്യ ഉന്നം. സാമ്പത്തികം ഏറ്റെടുക്കുന്നതിന് പകരം അധികാരം മുഴുവന്‍ ‘കൗണ്‍സില്‍ ഓഫ് എകണോമിക് ആന്റ് ഡവലപ്‌മെന്റ് അഫയേഴ്‌സ്’ എന്നൊരു പുതിയ സാധനം തട്ടിക്കൂട്ടി അതിന്റെ ചെയര്‍മാനായി ‘നിയമിതനായി’. കാശ് ഏറെക്കുറെ മുഴുവനായും വരുന്ന എണ്ണ വകുപ്പിലും ഇതേ തന്ത്രമാണ് പയറ്റിയത്. എണ്ണ ഖനനവും വിപണനവും പൂര്‍ണമായി കയ്യാളുന്ന പൊതുമേഖലാ സ്ഥാപനമായ ‘അറാംകോ’ യുടെ നിയന്ത്രണവും മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലാക്കി. ഫലത്തില്‍ പ്രതിരോധം, എണ്ണ, സാമ്പത്തികം എന്നീ മൂന്ന് സുപ്രധാന വകുപ്പുകളും സമ്പൂര്‍ണ നിയന്ത്രണത്തിലാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍.

സ്വന്തം പിതാവിന്റെ ഒരേയൊരു വോട്ട് കൊണ്ട് രാജ്യത്തെ 32 മില്യണ്‍ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണാധികാരവും കൈവന്നു. പിന്നീട് കണ്ടത് സമഗ്രാധികാരം കിട്ടിയൊരു ഭ്രാന്തന്റെ തേര്‍വാഴ്ചയായിരുന്നു. ‘ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രി’ യുടെ ആയുധക്കൂമ്പാരം പശ്ചിമേഷ്യയെ നരകമാക്കാന്‍ അധിക നാള്‍ വേണ്ടി വന്നില്ല.

എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യയിലെ ശിയാക്കളായിരുന്നു ആദ്യ ഇരകള്‍. രണ്ടാംകിട പൗരന്‍മാരായി ജീവിച്ചു പോന്നിരുന്ന ശിയാക്കളുടെ ജീവിതം കൂടുതല്‍ നരകതുല്യമായി. നിരവധിയായ മനുഷ്യാവകാശ പ്രവര്‍ത്തകരും മതപണ്ഡിതരും സ്വാതന്ത്ര പോരാളികളുമെല്ലാം ജയിലിലോ പരലോകത്തോ എത്തി.

രാജ്യത്തിനകത്ത് ചെയ്തതിനേക്കാള്‍ ഭീകരമായ താണ്ഡവമായിരുന്നു പുറത്ത്. ബഹ്‌റൈനില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന സൈനിക നടപടികള്‍ യമനിലേക്ക് വ്യാപിപ്പിച്ചു. ഒരു തയ്യാറെടുപ്പും കൂടിയാലോചനയുമില്ലാതെ നടത്തിയ സൈനിക നടപടികളിലൂടെ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ഇപ്പോഴും തുടരുന്നു.

സൈനിക നടപടിക്ക് ഓര്‍ഡര്‍ നല്‍കി മോദി സ്‌റ്റൈലില്‍ മാലിദ്വീപിലേക്ക് ഉല്ലാസ യാത്രക്ക് പോയ ആളെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിക്ക് പോലും ദിവസങ്ങളോളം കിട്ടിയില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു! സിറിയയില്‍ അസദിനെ താഴെയിറക്കാനെന്ന് പറഞ്ഞ് അല്‍-ഖായിദയുടെ വകഭേദമായ അല്‍-നുസ്‌റ പോലുള്ള കുറേയെണ്ണത്തിന് പണവും ആയുധവും വാരിക്കോരി നല്‍കി. സിറിയ എന്ന രാജ്യത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയില്‍ തങ്ങളുടേതായ സംഭാവന അര്‍പ്പിക്കാനായി എന്നല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല.

അസദ് ഇന്നും അധികാരത്തില്‍ തുടരുന്നു, ഖത്തറും തുര്‍ക്കിയും കൂടി പാലം വലിച്ചതോടെ റിബലുകള്‍ ദുര്‍ബലമായി. അസദിന് ഇന്ന് കാര്യമായ ഭീഷണിയുണ്ടെങ്കില്‍ അത് സൗദി/അറബ് സഹായം കിട്ടാത്ത കുര്‍ദ് സേനകളില്‍ നിന്നാണ് എന്നത് മറ്റൊരു കാര്യം.

ഈജിപ്തില്‍ ജനാധിപത്യത്തെ പൂര്‍ണമായും കുഴിച്ച് മൂടാന്‍ സൗദി / യു.എ.ഇ ഇടപെടലിന് സാധിച്ചു. അവിടെയും കുറേ പേര്‍ക്ക് ജീവനും ബാക്കിയുള്ളവര്‍ക്ക് പൗരാവകാശങ്ങളും നഷ്ടപ്പെട്ടു. പാകിസ്ഥാനോട് യമനിലേക്ക് സൈന്യത്തെ അയക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ വിചിത്രമായ മറ്റൊരാവശ്യം കൂടി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉന്നയിച്ചിരുന്നു. സൈന്യത്തിലെ സുന്നികളെ മാത്രമായി അയക്കണമെന്നായിരുന്നു ആവശ്യം (വേറെന്തൊക്കെ വംശീയ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരു പ്രൊഫഷണല്‍ സൈന്യത്തിന്റെ അടിവേര് മാന്തുന്ന ഈ നിര്‍ദേശം തള്ളാന്‍ പാകിസ്ഥാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നത് വേറെ കാര്യം)

പക്ഷേ ബഹ്‌റൈനില്‍, സിറിയ, ഈജിപ്ത് യമന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകള്‍ അതി ഭീകരമായ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുന്നത്. കരുതല്‍ ശേഖരത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. എണ്ണവില വലുതായി കൂടാന്‍ പോവുന്നില്ല (ബദല്‍ ഊര്‍ജ സ്രോതസ്സുകളെ അപ്രസക്തമാക്കാന്‍ ഓയില്‍ വില കര്‍ശനമായും താഴ്ത്തി നിര്‍ത്തണമെന്നതാണ് സൗദിയുടെ നയം, ഒപെക്കും ഇതംഗീകരിക്കുന്നു).

പ്രവാസികളെ കൊള്ളയടിക്കുന്നത് ശക്തിപ്പെടുത്തുക എന്നതല്ലാതെ വേറൊരു സാമ്പത്തിക സ്രോതസ്സും പുതുതായി കണ്ടെത്തിയിട്ടുമില്ല. ഇതിന്റെ ഗൗരവമൊന്നും പക്ഷേ മുഹമ്മദ് ബിന്‍ സല്‍മാനെ ബാധിച്ചിട്ടേയില്ല. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുമ്പോഴും ധൂര്‍ത്തും കെടുകാര്യസ്ഥതയും ഗംഭീരമായി മുന്നേറുന്നു.

2016 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ടൈംസ് രസകരമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഫ്രാന്‍സില്‍ ഉല്ലാസ യാത്രയിലായപ്പോള്‍ കണ്ട ആഢംബര യാറ്റ് മണിക്കൂറുകള്‍ കൊണ്ടാണ് റഷ്യന്‍ കോടീശ്വരനായ യൂറി ഷെഫ്‌ളറില്‍ നിന്ന് മുഹമ്മദ് സ്വന്തമാക്കിയത്. 500 മില്യന്‍ യൂറോയാണ് (മൂവായിരത്തി അറന്നൂറ് കോടയിലിധികം ഇന്ത്യന്‍രൂപ) ഇതിനായി ഒറ്റയടിക്ക് പൊടിച്ച് കളഞ്ഞത്!

അതിലത്ഭുതമില്ല, 20 ശതമാനത്തിലധികം ജനങ്ങള്‍ ദാരിദ്രത്തില്‍ കഴിയുമ്പോഴും അല്‍-സഊദ് കുടുംബത്തിലെ പ്രമുഖര്‍ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ സ്ഥിരമായി ഇടം പിടിക്കുന്നുണ്ട്. സല്‍മാന്റെ സമ്പാദ്യം 17 ബില്യണ്‍ ഡോളറാണെന്ന് പനാമ ലീക്ക് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ‘ഫോബ്‌സ്’ റിപ്പോര്‍ട്ട് പ്രകാരം മുന്‍ രാജാവ് അബ്ദുള്ളക്ക് 18 ബില്യണ്‍ ആയിരുന്നു. വേറെയും പലരും ഇതേ നിരയിലുണ്ട്.

അധികാരത്തിന്റെ ദുരുപയോഗം കൂടുന്തോറും അത് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടും. ഇക്കാര്യം മുഹമ്മദിനുമറിയാം. അത് കൊണ്ട് തന്നെ അധികാരമുറപ്പിക്കാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്. ആരെയും എതിര്‍ക്കും, ആരുമായും കൂട്ടുകൂടും. സൗദിയില്‍ അധികാരമുറപ്പിക്കാന്‍ മൂന്ന് കാര്യം വേണമെന്നാണ് തത്വം. അല്‍-സഊദ് കുടുംബം, മതപ്രമുഖര്‍, അമേരിക്ക എന്നിങ്ങനെ മൂന്ന് ഘടകങ്ങളുടെ പിന്തുണയാണത്.

ഇതില്‍ അവസാനത്തേത് കിട്ടിയാല്‍ ആദ്യത്തെ രണ്ടും കിട്ടാന്‍ എളുപ്പമാണെന്നതാണ് മറ്റൊരു കാര്യം. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം അല്‍ സഊദ് പിന്തുണയില്‍ ചില അപായ സൂചനകളുണ്ട്. അല്‍ സഊദിലെ ഏറ്റവും പ്രബലമായ സുദൈരി ചേരിയില്‍ നിന്നാണ് മുഹമ്മദെങ്കിലും തല്‍ക്കാലത്തേക്ക് ഒതുക്കി നിര്‍ത്തപ്പെട്ട മുഹമ്മദ് ബിന്‍ നായിഫും ഇതേ ചേരിയില്‍ നിന്നാണ്. ഇപ്പോഴുള്ള മേല്‍കൈ പൂര്‍ണ ഗ്യാരണ്ടിയുള്ളതല്ലെന്നര്‍ത്ഥം.

രണ്ടാമത്തെ വിഭാഗമായ മതപ്രമുഖരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമാണ്. പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയുള്ള ‘ന്യൂ ജന്‍’ മത പണ്ഡിതരെയാണ് മുഹമ്മദ് ഇതിനായി ലക്ഷ്യമിടുന്നത്. അതീവ നിര്‍ണായകമായ അമേരിക്കന്‍ പിന്തുണക്കായുള്ള ജീവന്‍ മരണ പോരാട്ടങ്ങളാണ് മുഹമ്മദ് നടത്തുന്നത്.

ഇതിനായി കൂട്ടുപിടിച്ചത് യു.എ.ഇ ഭരണകൂടത്തേയും അവരുടെ സ്റ്റാര്‍ ഡിപ്ലോമാറ്റ് ആയ യു.എസിലെ അമ്പാസഡര്‍ യൂസുഫ് അല്‍ ഒതയ്ബിയേയുമാണ്. യു.എ.ഇ കിരീടാവകാശിയും യഥാര്‍ത്ഥ ഭരണ കേന്ദ്രവുമായ മുഹമ്മദ് ബിന്‍ സായിദിന് നിലവിലെ സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ നായിഫുമായുള്ള ഇഷ്ടക്കേടും തനിക്കനുകൂലമാവുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ കണക്കു കൂട്ടുന്നു.

ഒതയ്ബിയുടെ മോഡസ് ഓപ്പരാണ്ടി ഈയടുത്ത് ലീക്കായ ഇ മെയിലുകളിലൂടെ വ്യക്തമാവുന്നുണ്ട്. അമേരിക്കന്‍ പിന്തുണയെന്ന് പറയുമ്പോള്‍ സ്വാഭാവികമായും അതിന് ഇസ്രഈല്‍ നയങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന നയനിലപാടുകള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതായി വരും. ഒതയ്ബിയുടെ മെയിലുകളില്‍ കാണുന്നതും അതാണ്.

ഇറാനെയാണ് ഏറ്റവും പേടി. അഥവാ അങ്ങനെ ചിത്രീകരിക്കാനാണിഷ്ടം. കൃത്രിമമായ ശിയാ-സുന്നി ദ്വന്ദ്വത്തിന്റെ ആണിക്കല്ലാണ് ‘ഭീകരതയുടെ കേന്ദ്രം’ ആയ ഇറാന്‍. ജനാധിപത്യവും പൗരാവകാശവും ചോദിച്ച് തെരുവിലിറങ്ങുന്ന ജനങ്ങളെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഈ വംശീയ സമവാക്യം. അത് മാത്രമല്ല, തീവ്ര വഹാബിസ്റ്റ് മത വ്യാഖ്യാനങ്ങളില്‍ രൂഢമൂലമായ ശിയാ വിരോധത്തേയും ഇസ്രഈലിന്റെ ഇറാന്‍ ഭീതിയേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിലൂടെ എളുപ്പത്തില്‍ സാധിക്കുന്നു.

ഇസ്രഈല്‍ താല്‍പര്യം ഉറപ്പ് വരുത്താനും അമേരിക്കന്‍ പിന്തുണ നേടാനും ഒതയ്ബി ആശ്രയിക്കുന്നത് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്'(FDD) എന്ന തിങ്ക്ടാങ്കിനെയാണ്. 2001 ല്‍ സ്ഥാപിതമായ എഫ്.ഡി.ഡി ഇസ്രഈലിനനുകൂലമായും ഇറാനെതിരായും നിരന്തരമായ പ്രചാരണത്തിലേര്‍പ്പെടുന്ന ഗ്രൂപ്പാണ്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ (25 മില്യന്‍ ഡോളര്‍) ഷെല്‍ഡന്‍ അഡല്‍സനെ പോലുള്ള തീവ്രവലതു പക്ഷ ആശയക്കാര്‍ തന്നെ എഫ്.ഡി.ഡിയെയും ഫണ്ട് ചെയ്യുന്നതെന്നതില്‍ നിന്ന് തന്നെ ആരാണ് പിന്നിലെന്നും എന്താണ് ലക്ഷ്യമെന്നും വ്യക്തം.

ഖത്തറിനും തുര്‍ക്കിക്കും ഇറാനുമെതിരെ നിരന്തരം സംസാരിക്കുന്ന മെയിലുകളില്‍ സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാനായി ഒതയ്ബി പിന്തുണ തേടുന്നുമുണ്ട്. ഒരവസരത്തില്‍ തുര്‍ക്കിയില്‍ നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നില്‍ യു.എ.ഇയും എഫ്.ഡി.ഡിയും ഉണ്ടായിരുന്നതായും പറയുന്നു.

അല്‍ ജസീറയാണ് ഇവരുടെ കണ്ണിലെ കരടാവുന്ന മറ്റൊന്ന്. പാട്ടും പൈങ്കിളിയും മാത്രം നല്‍കിയിരുന്ന മസാല ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി അറബികളോട് രാഷ്ട്രീയം പറയുന്ന അല്‍ ജസീറയോടുള്ള പക ചില്ലറയല്ല. ബദലായി ചില മാധ്യമങ്ങളെ രംഗത്തിറക്കി നോക്കിയിരുന്നെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം.

യൂസുഫ് അല്‍ ഒതയ്ബി

അറബ് വസന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയോടെ മേഖലയില്‍ വളര്‍ന്നു വരുന്ന രാഷ്ട്രീയ ബോധത്തെ ഏറെ ഭയപ്പാടോടെയാണ് ഇക്കൂട്ടര്‍ കാണുന്നതെന്ന് മെയിലുകളില്‍ നിന്ന് വായിച്ചെടുക്കാം. ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരദ് ക്രൂഷ്‌നറുമായുള്ള ഗാഢബന്ധവും ഒതയ്ബി ഉപയോഗിക്കുന്നതായി ലീക്കുകളില്‍ നിന്ന് വ്യക്തമാണ്.

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തിന് സാമ്പത്തിക പിന്തുണ വരെ നല്‍കി വന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ക്രൂഷ്‌നറിന്റെ മിഡില്‍ ഈസ്റ്റ് നയത്തില്‍ പാലസ്തീനിന് യാതൊരു സ്ഥാനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ക്രൂഷ്‌നറുടെ അടുത്ത സുഹൃത്തും റബ്ബിയുമായ ഷ്മൂലി ബോട്ടിക് നല്‍കിയ ഉപദേശം ശ്രദ്ധേയമാണ് – ‘ ഇസ്രഈല്‍ പാലസ്തീന്‍ ബന്ധത്തിലല്ല ശ്രദ്ധയൂന്നേണ്ടത്, ഇസ്രഈലും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സമാധാനം സ്ഥാപിക്കാനായാല്‍ ചരിത്രം സൃഷ്ടിക്കാം. ഇസ്രഈലും സൗദിയുമായുള്ള സമാധാനമാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. ‘ഇതില്‍ ‘സമാധാനം’ എന്നത് നയതന്ത്ര ഭംഗിവാക്കാണ്. ഇസ്രാഈലിന്റെ എല്ലാ അധിനിവേശങ്ങളേയും നിയമ ലംഘനങ്ങളേയും പൂര്‍ണ മനസ്സോടെ അംഗീകരിച്ച് അവരെ സ്വീകരിക്കുന്നതാണ് ‘സമാധാനം’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.

ഈയൊരു നയം നിര്‍ണായകമാണ്. സൗദി ചേരിയുമായുള്ള ഇസ്രഈല്‍ ബന്ധം നേരെയാക്കിയെടുക്കുക എന്നതായിരിക്കും ക്രൂഷ്‌നര്‍, ഒതയ്ബി, എഫ്.ഡി.ഡി ടീംസിന്റെ ലക്ഷ്യം. അധികാരം നിലനിര്‍ത്താന്‍ അമേരിക്കന്‍ പിന്തുണ അനിവാര്യമായി കാണുന്ന മുഹമ്മദ് ബിന്‍ സല്‍മാനും സൗദി ചേരിയിലുള്ള ഇതര ശൈഖുമാരും ഇതിനോട് സഹകരിക്കുമെന്നുറപ്പാണ്.

ആശയപരമായി മാത്രമല്ല, പ്രായോഗിക സാധ്യതയിലൂടെ വിലയിരുത്തുമ്പോഴും അവരുടെ മുന്നില്‍ വേറെ ഓപ്ഷന്‍ ഇല്ല, ജനാധിപത്യം എന്ന ബദല്‍ അസ്വീകാര്യമായിരിക്കുന്നിടത്തോളം കാലം. വെറും 3 ലക്ഷം തദ്ദേശീയരും അതിസമ്പന്നമായ ഖജനാവുമായി നില്‍ക്കുന്ന ഖത്തറിന്റെയോ പോരായ്മകളുണ്ടെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥിതി പിന്തുടരുന്ന ഇറാനോ ഉള്ള ലക്ഷ്വറി അവര്‍ക്കില്ല. ഒരു ചുവട് പിഴച്ചാല്‍ ജനരോഷത്തിന്റെ ചൂടില്‍ ബെന്‍ അലിയോ ഗദ്ദാഫിയോ ആയി മാറുമെന്നവര്‍ക്കറിയാം.

ഇപ്പോള്‍ ഖത്തറിനെതിരെയുള്ള ഉപരോധവും തുടര്‍ നടപടികളും ഇക്കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ്. തുര്‍ക്കിയും ഇറാനും റഷ്യയുമെല്ലാം എന്ത് നിലപാടെടുക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യന്‍ രാഷ്ട്രീയവും ഖത്തറിന്റെ ഭാവി സാധ്യതകളും. സമ്പൂര്‍ണമായ കീഴടങ്ങല്‍ ഫലത്തില്‍ സൗദിയുടെ സാമന്ത രാജ്യമാക്കി മാറ്റും. അല്‍ ജസീറ തൊട്ട് വേള്‍ഡ് കപ്പ് വരെ കെട്ടിപ്പൂട്ടേണ്ടി വന്നേക്കും. അതുകൊണ്ട് തന്നെ ഖത്തര്‍ അമീറിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമത്.

ഒരു പക്ഷേ ഇറാനും റഷ്യയുമായി ഒളിഞ്ഞുള്ള സഖ്യങ്ങളും തുര്‍ക്കിയുമായി കൂടുതല്‍ തുറന്ന സഖ്യവും സ്ഥാപിച്ച് നേരിടുക എന്നതായിരിക്കും അവരുടെ തന്ത്രം. തുര്‍ക്കിയുടെ സൈനികത്താവളവും എര്‍ദോഗാന്റെ പ്രസ്താവനയിലും അതിനുള്ള സൂചനകളുണ്ട്. പക്ഷേ അപ്പോഴും തീര്‍ത്തും പ്രവചനാധീതമായ ട്രംപിന്റെ ഭ്രാന്ത് എത്രത്തോളം മൂര്‍ച്ഛിക്കുന്നു എന്നതിനനുസരിച്ചിരിക്കും കാര്യങ്ങള്‍. അസദിനോടുള്ള ഖത്തര്‍ / തുര്‍ക്കി നിലപാടും പഴയ പോലെയല്ല. പഴയ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി പുതിയ സാഹചര്യത്തില്‍ പുതിയ സഖ്യത്തോടെ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ആരായാലും എങ്ങനെയായാലും പ്രശ്‌നമില്ല, താല്‍പര്യങ്ങളേ ഉള്ളൂ. ജയിച്ചു വരുന്നവര്‍ ആരായാലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നവര്‍ക്ക് ഉറപ്പാണ്. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ ആവശ്യം കഴിഞ്ഞ കോണ്ടം പോലെ ഇവര്‍ ക്ലോസറ്റിലേക്കിട്ട നേതാക്കളുടെ ചരിത്രം കൂടിയാണ്.

സി.ഐ.എ യും അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്നാമ്പുറ ശക്തികളുമായും ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുകയും ‘ഭീകരവിരുദ്ധ പോരാട്ടത്തില്‍’ പ്രത്യേക പട്ടം ലഭിക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ നായിഫോ അങ്ങനെയുള്ള പശ്ചാത്തലമൊന്നുമില്ലാത്ത മുഹമ്മദ് ബിന്‍ സല്‍മാനോ അമേരിക്കയുടെ സ്ഥായിയായ ശത്രുവോ മിത്രമോ അല്ല. താല്‍പര്യം സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന കരുക്കള്‍ മാത്രം. ആരും ഏതു നിമിഷവും വെട്ടി മാറ്റപ്പെടാം.

Advertisement